|

'ഞാന്‍ കാലുകുത്തി തന്നെയാണ് നില്‍ക്കുന്നത്, ഭീഷണി വിലപ്പോകില്ല'; പാലക്കാട് കാലുകുത്തിക്കില്ലെന്ന ഭീഷണിയില്‍ ബി.ജെ.പിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ബി.ജെ.പിയുടെ ഭീഷണിക്ക് മറുപടിയുമായി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോഴും താന്‍ പാലക്കാട് കാലുകുത്തിയാണ് നില്‍ക്കുന്നതെന്നും ഒരു ജനപ്രതിനിധിയുടെ കാലുകുത്തിക്കില്ലെന്ന ബി.ജെ.പിയുടെ ഭീഷണിയില്‍ പൊലീസ് കേസെടുക്കുമോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി താന്‍ കേസ് കൊടുക്കുന്നില്ലെന്നും ബി.ജെ.പി എത്ര ഭീഷണിപ്പെടുത്തിയാലും തന്റെ രണ്ട് കാലും നിലത്ത് കുത്തിത്തന്നെ ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇനി കാല്‍ പോയാലും ഉള്ള ഉടല്‍ വെച്ച് ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും റെയില്‍വേ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി അല്ലല്ലോ നല്‍കുന്നതെന്നും രാഹുല്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട്ടെ ഭിന്നശേഷിക്കാര്‍ക്കുള്ള കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവ് കെ.ബി. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിക്കൊണ്ടുള്ള നടപടിക്കെതിരെ എം.എല്‍.എയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് പാലക്കാട് ഡി.ഡി.ഡിയിലേക്ക് ബി.ജെ.പി ജില്ലാ നേതൃത്വം മാര്‍ച്ച് പ്രഖ്യാപിച്ചു. വൈകുന്നേരത്തോടെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആര്‍.എസ്.എസ് നേതാക്കളെ അവഹേളിച്ച എം.എല്‍.എയെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയുമായിരുന്നു.

ഇതിന് മറുപടിയായാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഹെഡ്‌ഗേവാറിനെതിരായ യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് പ്രതിഷേധത്തിന് മറുപടിയായിട്ടായിരുന്നു ബി.ജെ.പിയുടെ മാര്‍ച്ച്. എന്നാല്‍ ഡി.സി.സി ഓഫീസ് അടച്ചതിന് ശേഷമാണ് ബി.ജെ.പി മാര്‍ച്ച് പ്രഖ്യാപിച്ചതെന്ന വിമര്‍ശനവും ഇതിനിടെ ഉയര്‍ന്നിരുന്നു.

ഇന്നലെ (വെള്ളി)യാണ് നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. എന്നാല്‍ പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പരിപാടി നടന്ന വേദി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. ശിലാഫലകം ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കായി തറക്കല്ലിട്ട ഭൂമിയില്‍ യൂത്ത് കോണ്‍ഗ്രസ് വാഴ വെക്കുകയും ചെയ്തിരുന്നു.

Content Highlight: Rahul Mamkootathil’s response to BJP’s threat not to set foot in Palakkad

Latest Stories