| Wednesday, 21st April 2021, 12:13 pm

ട്രെയിനിലെ ടോയ്ലറ്റില്‍ കാണുന്ന അശ്ലീലം സൈബര്‍ സ്പേസില്‍ ഉപയോഗിക്കുന്നവരാണ് സഖാക്കള്‍; യു. പ്രതിഭക്ക് നേരെപ്പോലും അവരത് പ്രയോഗിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു. പ്രതിഭ എം.എല്‍.എക്കെതിരായുള്ള സൈബര്‍ ആക്രമണത്തില്‍ എം.എല്‍.എക്ക് പിന്തുണയുമായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. നമ്മള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ മൂത്ര ശങ്കയുണ്ടായാല്‍ ഒന്ന് ടോയ്ലറ്റില്‍ പോയാല്‍ അവിടെയുള്ള ചുമരില്‍ കാണുന്ന അശ്ലീല സാഹിത്യം ഇന്ന് സൈബര്‍ സ്പേസില്‍ മനോഹരമായി ഉപയോഗിക്കുന്നത് അന്റോണിയോ ഗ്രാംഷിയേയും മാര്‍ക്സിനേയും വായിച്ച് വശത്താക്കിയ സി.പി.ഐ.എം സഖാക്കളാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം വിവാദ പോസ്റ്റുകള്‍ക്ക് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പരാതിയുമായി എം.എല്‍.എ യു.പ്രതിഭ രംഗത്തെത്തിയിരുന്നു. ഈ പോസ്റ്റുകള്‍ക്ക് താഴെയാണ് എം.എല്‍.എക്ക് തെറി അധിക്ഷേഭം നേരിടേണ്ടിവന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സ്ത്രീകളെയാണ് സി.പി.ഐ.എം ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ക്കിരയാക്കാറ്, അതിന്റെ ഉദാഹരണങ്ങളാണ് രമ്യ ഹരിദാസ് അടക്കമുള്ള യു.ഡി.എഫ് നിരയിലെ വനിതകളെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ മൂത്ര ശങ്കയുണ്ടായാല്‍ ഒന്ന് ടോയ്ലറ്റില്‍ പോയാല്‍ അവിടെയുള്ള ചുമരില്‍ കാണുന്ന അശ്ലീല സാഹിത്യം ഇന്ന് സൈബര്‍ സ്പേസില്‍ മനോഹരമായി ഉപയോഗിക്കുന്നത് അന്റോണിയോ ഗ്രാംഷിയേയും മാര്‍ക്സിനേയും വായിച്ച് വശത്താക്കിയ സി.പി.ഐ.എം സഖാക്കളാണ്.

അതിലവര്‍ ഉപയോഗിക്കുന്ന ഉപമാലങ്കാരങ്ങള്‍ എല്ലാം ‘എത്ര മനോഹരമാണ്’, എം.വി ഗോവിന്ദന്‍ മാഷും എം.എ ബേബിയുമൊക്കെ നല്‍കിയ പാര്‍ട്ടി ക്ലാസിന്റെ ഗുണമായിരിക്കാം ഇത്തരം തെറിപ്പാട്ടുകള്‍ തങ്ങളുടെ തന്നെ സഖാവായ യു.പ്രതിഭ നേരെപ്പോലും പ്രയോഗിക്കുന്നതെന്ന ബലമായ സംശയമില്ലാതില്ല.
മാനസികമായ പിരിമുറുക്കത്തില്‍ നിന്നും സമൂഹം രക്ഷപ്പെടുന്നത് ടോയ്ലറ്റ് സാഹിത്യമടക്കമുള്ള വഴികളിലൂടെയാണെന്ന് ഫോക് ലോര്‍ പഠനത്തിലൊരിടത്ത് വായിക്കാനിടയായി, അത് കേരളത്തിലെ സൈബര്‍ സഖാക്കളെക്കുറിച്ചാണെന്ന് ആരെങ്കിലും ധരിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

തെറിവിളിയും കൊലവിളിയുമല്ലാതെ ആശയ സംവാദത്തിന്റെ ഇടങ്ങളില്‍ ഒരിക്കലും സി.പി.എമ്മിനെ നമുക്ക് കാണാന്‍ കഴിയാത്തതെന്ത് കൊണ്ടാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കഠാര കൊണ്ട് നിശബ്ദരാക്കുകയെന്നതാണ് ആദ്യ വഴി, അതിന്റെ പേരിലാണ് ഏറ്റവുമൊടുവില്‍ മന്‍സൂറിനെ കൊലക്കത്തിക്കിരയാക്കിയത്.

അല്ലാത്തവരെ അസഭ്യം പറഞ്ഞ് നിശബ്ദരാക്കുകയെന്നതാണ് മറ്റൊരു വഴി.
നിരവധി പേരാണ് സി.പി.ഐ.എമ്മിന്റെ തെറി വിളികള്‍ക്ക് വിധേയരായിട്ടുള്ളത്. വ്യക്തിപരമായി ഞാനൊക്കെ അതിന് ഇരയായിട്ടുണ്ടെങ്കിലും അവരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാത്തതിനാല്‍ അതിലൊട്ടും പരിഭവമില്ല. കായികമായി അക്രമിക്കാന്‍ കഴിയാത്തതിനാല്‍ സ്ത്രീകളെയാണ് സി.പി.ഐ.എം ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ക്കിരയാക്കാറ്, അതിന്റെ ഉദാഹരണങ്ങളാണ് രമ്യ ഹരിദാസ് അടക്കമുള്ള യു.ഡി.എഫ് നിരയിലെ വനിതകള്‍.

തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത യു. പ്രതിഭ എം.എല്‍.എ എന്ന സഖാവിനെയും ഇതേ മാനസികാവസ്ഥയിലാണ് തെറി വിളിക്കുന്നത്. ജനാധിപത്യമെന്നത് കൊടിയിലും ഗിരിപ്രഭാഷണങ്ങളിലും മാത്രമുപയോഗിക്കുകയും പാര്‍ട്ടി ക്ലാസില്‍ ഉന്മൂലന സിദ്ധാന്തത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന സി.പി.ഐ.എം പാര്‍ട്ടിയില്‍ നിന്നും സംസ്‌കാരം പ്രതീക്ഷിക്കുന്ന നാമത്രേ വിഡ്ഢികള്‍…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Rahul Mamkootathil responds about U Prathibhas facebook post

We use cookies to give you the best possible experience. Learn more