| Wednesday, 15th December 2021, 11:12 pm

എതിര്‍ത്ത് പ്രകടനം നയിക്കുന്നവര്‍ക്ക് മുന്നില്‍ ഗേറ്റ് മലര്‍ത്തിയിടണം. അങ്ങനെയെങ്കിലും അവര്‍ സ്‌കൂള്‍ വരാന്ത കാണട്ടെ, പിന്നെയും പ്രകടനം നയിക്കുന്നവര്‍ ക്ലാസ്സിലിരുന്ന് പഠിക്കട്ടെ: രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുല്‍ നിലപാട് പറഞ്ഞത്.

തങ്ങള്‍ക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ പെണ്ണിനോ ആണിനോ ട്രാന്‍സ്‌ജെന്‍ഡറിനോ ഏത് വസ്ത്രവും ധരിക്കാമെന്ന് പറഞ്ഞ രാഹുല്‍ അത് അംഗീകരിക്കാതെ സ്‌കൂളുകളിലേക്ക് പ്രകടനം നടത്തുന്നവര്‍ അങ്ങനെയെങ്കിലും സ്‌കൂള്‍ വരാന്ത കാണട്ടെയെന്ന് പോസ്റ്റിലൂടെ പരിഹസിക്കുകയും ചെയ്തു.

ഇവിടത്തെ സ്ത്രീപക്ഷവാദവും, ജെന്‍ഡര്‍ ഈക്വാളിറ്റിയുമൊക്കെ അപ്പൂപ്പന്‍താടിയേക്കാള്‍ നേര്‍ത്തതാണെന്ന് പലപ്പോഴും തോന്നാറുണ്ടെന്നും രാഹുല്‍ പോസ്റ്റില്‍ പറയുന്നു.

”നമ്മുടെ സ്ത്രീപക്ഷവാദവും, ജെന്‍ഡര്‍ ഈക്വാളിറ്റിയുമൊക്കെ അപ്പൂപ്പന്‍താടിയേക്കാള്‍ നേര്‍ത്തതാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ബാലുശേരി സ്‌കൂളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ ആ അപ്പൂപ്പന്‍താടി പിന്നെയും പറന്ന് നടക്കുന്നു.

പാന്റ്‌സും ഷര്‍ട്ടും ധരിക്കുമ്പോള്‍ ഒരു പെണ്ണോ, ആണോ, ട്രാന്‍സ്‌ജെന്‍ഡറോ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നിര്‍ബന്ധമായും അവര്‍ അത് ധരിക്കണം. അവര്‍ക്ക് നാളെ ഷോര്‍ട്ട്‌സിടുന്നതാണ് സൗകര്യമെങ്കില്‍ അത് ധരിക്കട്ടെ.

അതിനെ എതിര്‍ത്ത് സ്‌കൂളിലേക്ക് പ്രകടനം നയിക്കുന്നവര്‍ക്ക് മുന്നില്‍ ഗേറ്റ് അടച്ചിടാതെ, തുറന്നു മലര്‍ത്തിയിടണം. അങ്ങനെയെങ്കിലും അവര്‍ സ്‌കൂള്‍ വരാന്ത കാണട്ടെ, പിന്നെയും പ്രകടനം നയിക്കുന്നവര്‍ ക്ലാസ്സില്‍ ഇരുന്നു പഠിക്കട്ടെ,” രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരിലാണെങ്കില്‍ പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ‘ചിലര്‍’ പറയും പോലെ ‘ആണിന്റെ വേഷം പെണ്ണും ധരിക്കട്ടെ’ എന്ന ചിന്താഗതിയാണെങ്കില്‍ അവരെ അംഗീകരിക്കാനാവില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ആണിനെ പോലെയാകലല്ല, പെണ്ണായി തന്നെ അംഗീകാരം നേടലാണ് തുല്യതയെന്നും നമ്മുടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആശയം പാന്റ്‌സിലും ഷര്‍ട്ടിലും മാത്രം ഒതുങ്ങിവ നില്‍ക്കുന്നതില്‍ നാണക്കേട് തോന്നുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

”പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിക്കുന്നത് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരിലാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. അതല്ലാതെ ‘ചിലര്‍’ പറയും പോലെ ‘ആണിന്റെ വേഷം പെണ്ണും ധരിക്കട്ടെ’ (പാന്റ്‌സ് ആണിന്റെ വേഷമാണെന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ല) എന്ന ചിന്താഗതിയാണെങ്കില്‍ അവരും ക്ലാസ്സില്‍ ഇരുന്നു പഠിക്കട്ടെ.

കാരണം ആണിനെ പോലെയാകലല്ല, പെണ്ണായി തന്നെ അംഗീകാരം നേടലാണ് ജെന്‍ഡര്‍ ഈക്വാളിറ്റി.

ഇപ്പോഴും നമ്മുടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയൊക്കെ പാന്റ്‌സിലും ഷര്‍ട്ടിലും നില്‍ക്കുന്നതേയൊള്ളു എന്നോര്‍ത്ത് നാണം തോന്നുന്നു. ഇനിയും നമ്മള്‍ എത്ര ഓടിയാലാണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്താന്‍ കഴിയുക?” പോസ്റ്റില്‍ ചോദിക്കുന്നു.

നേരത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയത്തെ പിന്തുണച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമും രംഗത്തെത്തിയിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്നും വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് (മിക്സഡ് സ്‌കൂള്‍) സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയിരിക്കുന്നത്. പ്ലസ്‌വണ്‍ തലത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ വിവാദം വേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. അതാത് സ്‌കൂളുകളിലെ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rahul Mamkootathil post on gender neutral uniform

We use cookies to give you the best possible experience. Learn more