റാം ഈസ് ഹാപ്പനിങ്ങ്; സിനിമ വൈകാന്‍ കാരണമുണ്ട്; വലിയ സ്‌കെയിലില്‍ വരുന്ന പടം: രാഹുല്‍ മാധവ്
Entertainment
റാം ഈസ് ഹാപ്പനിങ്ങ്; സിനിമ വൈകാന്‍ കാരണമുണ്ട്; വലിയ സ്‌കെയിലില്‍ വരുന്ന പടം: രാഹുല്‍ മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th October 2024, 12:10 pm

ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ ഹിറ്റ് കോമ്പോയായി മാറിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫ് – മോഹന്‍ലാല്‍. ദൃശ്യം, ദൃശ്യം 2, നേര് തുടങ്ങി ഇരുവരും ഒന്നിച്ച പടങ്ങളെല്ലാം തന്നെ സിനിമാപ്രേമികള്‍ക്ക് ഇടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇരുവരും ഒന്നിക്കുന്ന മറ്റൊരു സിനിമയാണ് റാം. രണ്ട് ഭാഗങ്ങളായാണ് ഈ സിനിമ തിയേറ്ററില്‍ എത്തുകയെന്ന് മുമ്പേതന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. പ്രഖ്യാപനം മുതല്‍ക്കേ തന്നെ വലിയ രീതിയില്‍ ഹൈപ്പ് കയറിയ ചിത്രമാണെങ്കിലും റാം ഇതുവരെ ഷൂട്ടിങ് പുര്‍ത്തിയാക്കുകയോ റിലീസിന് എത്തുകയോ ചെയ്തിട്ടില്ല.

ഷൂട്ടിങ് തുടങ്ങിയെങ്കിലും കൊവിഡ് സമയത്ത് നിന്ന് പോവുകയായിരുന്നു. പിന്നീട് പുനരാരംഭിച്ചെങ്കിലും പല പ്രശ്‌നങ്ങള്‍ കാരണം ചിത്രം മുടങ്ങി പോവുകയായിരുന്നു. ഇപ്പോഴും സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് റാമിനെ കാണുന്നത്.

റാമില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന നടനാണ് രാഹുല്‍ മാധവ്. ഇപ്പോള്‍ റാം സിനിമയെ കുറിച്ച് പറയുകയാണ് രാഹുല്‍. വലിയ സ്‌കെയിലില്‍ വരാന്‍ പോകുന്ന സിനിമയാണ് റാമെന്നും അതിന് അതിന്റേതായ സമയം ആവശ്യമാണെന്നും രാഹുല്‍ പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റാം ഈസ് ഹിയര്‍, റാം ഈസ് എറൗണ്ട്, റാം ഈസ് ഹാപ്പനിങ്ങ് (ചിരി). വലിയ സ്‌കെയിലില്‍ വരാന്‍ പോകുന്ന സിനിമയാണ് റാം. അതിന് അതിന്റേതായ സമയം ആവശ്യമാണ്. ആ സമയമാണ് ഇപ്പോള്‍ എടുക്കുന്നത്. സിനിമക്ക് ആവശ്യമായ സമയമാണ് അത്. എന്തായാലും റാം ഉടനെ തന്നെ കാണും.

സിനിമയുടെ ഷൂട്ട് ഇനിയും ബാക്കിയുണ്ട്. ഒരു ഇരുപത് അല്ലെങ്കില്‍ മുപ്പത് ശതമാനം ഷൂട്ട് കൂടെ ബാക്കിയുണ്ടെന്നാണ് എനിക്ക് മനസിലായത്. ബിഗ് ബജറ്റ് – മാസ് – കൊമേഷ്യല്‍ സിനിമ തന്നെയാണ് റാം. ഞാന്‍ ആദ്യമായിട്ടായിരുന്നു ഒരു പടം ഷൂട്ട് ചെയ്യാനായി ഇത്രയേറെ യാത്ര പോകുന്നത്. യു.കെയിലും മൊറോക്കോയിലും പോയി. ഇനി ടുണീഷ്യയില്‍ പോകാനുണ്ട്,’ രാഹുല്‍ മാധവ് പറഞ്ഞു.


Content Highlight: Rahul Madhav Talks About Ram Movie