Advertisement
Film News
മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത മാസ് സിനിമ, KOK സെറ്റ് കണ്ട് ഞെട്ടി പോയി: രാഹുല്‍ മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 03, 12:45 pm
Thursday, 3rd August 2023, 6:15 pm

കിങ് ഓഫ് കൊത്തയെ പറ്റി സംസാരിക്കുകയാണ് നടന്‍ രാഹുല്‍ മാധവ്. ദുല്‍ഖറിനേയും സംവിധായകന്‍ അഭിലാഷ് ജോഷിയേയും നേരത്തെ തന്നെ പരിചയമുണ്ടായിരുന്നുവെന്നും അതിനാല്‍ സെറ്റില്‍ വളരെ കംഫര്‍ട്ടബിളായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ദുല്‍ഖറിനെ പോലെ മാന്യനായ മറ്റൊരു വ്യക്തി ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഒരു സിനിമക്കായി അദ്ദേഹം 100 ശതമാനം പരിശ്രമവും നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കിങ് ഓഫ് കൊത്തയില്‍ കാമിയോ പോലെ ചെറിയൊരു വേഷമാണ് ചെയ്യുന്നത്. ജോഷിയേട്ടന്റെ മകന്‍ അഭിയാണ് ആ പടം സംവിധാനം ചെയ്യുന്നത്. ഞാന്‍ പഠിച്ച കോളേജില്‍ വന്ന് ചേര്‍ന്നിട്ട് നാല് ദിവസം കഴിഞ്ഞ് കോളേജ് ഇഷ്ടപ്പെട്ടില്ലെന് പറഞ്ഞ് പോയ ആളാണ് അവന്‍. പിന്നെ ആഡും ഷോര്‍ട്ട് ഫിലിമുമൊക്കെ ചെയ്യുന്ന സമയത്ത് വി.കെ.പിക്ക് വേണ്ടി ഒരു ആഡ് ഞാന്‍ ചെയ്തു. അതില്‍ വി.കെ.പിയുടെ അസിസ്റ്റന്റായിരുന്നു അഭി. പിന്നെ പൊറിഞ്ചു മറിയം ജോസിന്റെ ലൊക്കേഷനിലാണ് അഭിയെ കാണുന്നത്.

ദുല്‍ഖര്‍ വളരെ മാന്യനായ ഒരു വ്യക്തിയാണ്. ഇതുപോലെ മാന്യനായ ഒരാളുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അദ്ദേഹം ഡൗണ്‍ ടു എര്‍ത്താണ്. എനിക്ക് വലിയ കാര്യമാണ്. 100 ഡേയ്‌സ് ഓഫ് ലവ് കഴിഞ്ഞ് പിന്നെ ഞാന്‍ കാണുന്നത് കിങ് ഓഫ് കൊത്തയിലാണ്. എളുപ്പത്തില്‍ സംസാരിക്കാന്‍ പറ്റുന്ന ആളാണ് ദുല്‍ഖറെന്ന് തോന്നിയിട്ടുണ്ട്. ആ പടത്തില്‍ അഭിനയിക്കാന്‍ പറ്റിയതില്‍ വലിയ സന്തോഷം.

അദ്ദേഹം നല്ല ഒരു ആക്ടറാണ്. 100 ശതമാനവും പുള്ളി ഒരു സിനിമക്ക് വേണ്ടി ഇടും. അതിന്റെ ഗുണം എന്തായാലും കാണും. ഇന്നുവരെ മലയാളത്തില്‍ വന്നിട്ടില്ലാത്ത ബിഗ് സിനിമയാണ് കിങ് ഓഫ് കൊത്ത. അതിന്റെ സെറ്റ് ഒന്ന് കാണണം. ഞാന്‍ ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് അത്,’ രാഹുല്‍ മാധവ് പറഞ്ഞു.

ഓഗസ്റ്റ് 24ന് ആണ് കിങ് ഓഫ് കൊത്ത റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Content Highlight: Rahul Madhav talks  about King of Kotha