| Thursday, 24th November 2022, 8:24 am

രാജുവും ഉണ്ണിയുമായി ചില സാമ്യങ്ങളുണ്ട്, ചിലപ്പോള്‍ കൊമേഴ്‌സ്യലായ സിനിമ സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ട്: രാഹുല്‍ മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന് സിനിമക്ക് പിന്നിലുള്ള സാങ്കേതിക വശങ്ങളെ കുറിച്ച് നല്ല അറിവുണ്ടെന്നും ഭാവിയില്‍ ഒരു സംവിധായകനാവാനുള്ള സാധ്യതയുണ്ടെന്നും രാഹുല്‍ മാധവ്. ട്വല്‍ത്ത് മാന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സെറ്റിലുള്ളവരുടെ വീഡിയോ എടുത്ത് ചെറിയ ക്ലിപ്പാക്കി എഡിറ്റ് ചെയ്ത് തന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകന്‍ അനൂപ് പന്തളത്തിനും ഉണ്ണി മുകുന്ദനുമൊപ്പം കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘പൃഥ്വിരാജ് ടെക്‌നിക്കലി ഭയങ്കര സൗണ്ടഡാണ്. ക്യാമറക്ക് പിന്നിലുള്ളതും അതിന്റെ ടെക്‌നിക്കല്‍ കാര്യങ്ങളുമെല്ലാം അറിയാം. അതുപോലെ ടെക്‌നിക്കലി സൗണ്ടുള്ള ആളാണ് ഉണ്ണി. നല്ലൊരു അഭിനേതാവാണ്, കൊമേഴ്‌സ്യലായ സിനിമകള്‍ ചെയ്യുന്ന സംവിധായകനാവാന്‍ സാധ്യതയുണ്ട്. ഞാനെന്തുകൊണ്ടാണ് ഇതൊക്കെ പറയുന്നത്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നെ വെച്ചിട്ട് ഒരു സിനിമ ചെയ്യണം,’ രാഹുല്‍ പറഞ്ഞു.

അങ്ങനെയല്ലല്ലോ നീ പറഞ്ഞത്, എടാ നീ സംവിധാനം ചെയ്യുമ്പോള്‍ ആ പടം ഞാന്‍ പ്രൊഡ്യൂസ് ചെയ്യുമെന്നാണ് ഇവന്‍ പറഞ്ഞത്, ഉണ്ണി മുകുന്ദന്‍ പറഞ്ഞത് കേട്ട് രാഹുലും ചിരിച്ചു.

‘നിങ്ങള്‍ വേണമെങ്കില്‍ അഞ്ച് മിനിട്ട് കൊടുത്താല്‍ ചെറിയ ക്ലിപ് ഷൂട്ട് ചെയ്തുതരും. എന്നിട്ട് പുള്ളി ഫോണില്‍ എഡിറ്റ് ചെയ്ത് തരും. ട്വല്‍ത്ത് മാന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും സൈജുവും ഒക്കെ വെറുതേ നില്‍ക്കുന്ന എന്തൊക്കെയോ ഷൂട്ട് ചെയ്ത് അഞ്ച് മിനിട്ട് കഴിഞ്ഞ് എഡിറ്റ് ചെയ്ത് തരും. ഇവനെപ്പോഴാണ് ഇതൊക്കെ ഷൂട്ട് ചെയ്തത് എന്ന് ഞാന്‍ വിചാരിക്കും. ടെക്‌നിക്കലി ഉണ്ണി ഭയങ്കര സൗണ്ടാണ്. നല്ലൊരു സംവിധായകനാവാനുള്ള എല്ലാ സാധ്യതയും എനിക്ക് തോന്നുന്നുണ്ട്,’ രാഹുല്‍ പറഞ്ഞു.

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

ദിവ്യ പിള്ളി, സ്മിനു സിജോ, ബാല, മനോജ് കെ. ജയന്‍, ഷഹീന്‍ സിദ്ദിഖ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Rahul Madhav said that Unni Mukundan has the potential to become a director in the future

We use cookies to give you the best possible experience. Learn more