| Wednesday, 26th June 2019, 9:57 pm

'മുങ്ങുന്ന കപ്പലില്‍ നിന്ന് ചാടി രക്ഷപ്പെടാനാണ് രാഹുല്‍ ശ്രമിക്കുന്നത്'; പരിഹാസവുമായി ശിവ്‌രാജ് സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മുങ്ങുന്ന കപ്പലില്‍ അവസാന നിമിഷംവരെ തുടര്‍ന്ന് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനു പകരം അതില്‍നിന്ന് ആദ്യം ചാടി രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ശിവ്‌രാജ് സിങ് ചൗഹാന്‍. നിലവില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരാണെന്നുപോലും ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

‘മുങ്ങുന്ന കപ്പലില്‍ അവസാന നിമിഷം വരെ തുടരുകയാണ് ക്യാപ്റ്റന്‍ ചെയ്യേണ്ടത്. എസ്.പി-ബി.എസ്.പി സഖ്യം തകരുകയും രാഹുല്‍ കോണ്‍ഗ്രസില്‍ നിന്നും ചാടുകയും ചെയ്തതോടെ പ്രതിപക്ഷത്തിന്റെ നില പരുങ്ങലിലാണ്.’- ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ചൗഹാന്‍ പറഞ്ഞു.

തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് ബി.ജെ.പിയുടെ അടുത്തലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസിന് വോട്ട് ചെയ്തതില്‍ ജനങ്ങള്‍ ഇന്നു ദുഃഖിക്കുന്നു. സെക്രട്ടേറിയറ്റ് ഇടനിലക്കാരുടെ താവളമായി മാറിയെന്നും ബി.ജെ.പി വൈസ് പ്രസിഡന്റ് കൂടിയായ ചൗഹാന്‍ ആരോപിച്ചു.

15 വര്‍ഷം നീണ്ട ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കഴിഞ്ഞവര്‍ഷം അവസാനം നടന്ന തെരഞ്ഞെടുപ്പിലാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഈ 15 വര്‍ഷക്കാലവും ചൗഹാനായിരുന്നു മുഖ്യമന്ത്രി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടര്‍ന്ന് താന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവെയ്ക്കുന്നതായി രാഹുല്‍ നേരത്തേ വ്യക്തമാക്കിയതു സൂചിപ്പിച്ചായിരുന്നു ചൗഹാന്റെ പരിഹാസമത്രയും.

We use cookies to give you the best possible experience. Learn more