| Monday, 14th June 2021, 8:23 am

പൂജ ചെയ്യുന്നത് കുല പുണ്യമാണെന്ന് രാഹുല്‍ ഈശ്വര്‍; തെങ്ങില്‍ കയറുന്നതിനേക്കാള്‍ മഹത്തരമായി കരുതുന്നില്ലെന്ന് ലക്ഷ്മി രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൂജ ചെയ്യുന്നത് കുലപുണ്യമാണെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തിന് ചാനല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കി സാമൂഹികപ്രവര്‍ത്തക ലക്ഷ്മി രാജീവ്. റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്‌സ് അവറിലായിരുന്നു വാദപ്രതിവാദങ്ങള്‍. പൂജ ചെയ്യുന്നത് ജോലിയല്ലെന്നും തേങ്ങയിടാനും മീന്‍ പിടിക്കാനും പോവുന്ന ജോലിപോലെയല്ല പള്ളീലച്ചന്റെയും മൗലവിയുടെയും പൂജാരിയുടെയും ധര്‍മ്മമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പൂജ ഒരു ആത്മീയ ദൈവീക ധര്‍മമ്മാണെന്നും അതിനെ കുല പുണ്യമെന്നോ ജന്മധര്‍മ്മമെന്നോ പറയാമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

പൂജ ചെയ്യുന്നത് മഹത്തരമാണെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തെയാണ് ലക്ഷ്മി എതിര്‍ത്തത്. മറ്റേത് കുലതൊഴിലിനെപ്പോലെ മാത്രമേ പൂജ ചെയ്യുന്നതിനെയും കാണാനാകൂവെന്നും അത് തെങ്ങില്‍ കയറുന്നതിനേക്കാള്‍ ഒട്ടും മഹത്തരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

‘ബ്രാഹ്മണ്യത്തിനുള്ള പാരമ്പര്യത്തൊഴിലാണ് പൂജ ചെയ്യുന്ന്. അത് തെങ്ങില്‍ കയറുന്നതിനേക്കാള്‍ ഒട്ടും മഹത്തരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തെങ്ങില്‍ കയറാന്‍ അതിനേക്കാള്‍ ധൈര്യം ആവശ്യമാണ്. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതും അതിനേക്കാള്‍ ഒട്ടും കുറഞ്ഞ പണിയാണെന്നും വിശ്വസിക്കുന്നില്ല.

പാരമ്പര്യമായിട്ട് ചെയ്യുന്ന ആളുകള്‍ക്ക് ഇതെല്ലാം കുലത്തൊഴില്‍ മാത്രമാണ്. അതില്‍ എന്താണ് വ്യത്യാസം. പാരമ്പര്യമായി ചെയ്യുന്ന ജോലികളില്‍ ഒന്നും ഒന്നിനേക്കാളും മഹത്തരമോ ആത്മീയമായിട്ട് ഉയര്‍ന്നതോ അല്ല. അതുപോലെ തന്നെയൊരു തൊഴിലാണ് സര്‍ക്കാര്‍ ജോലിയും.

കുലത്തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവര്‍ വന്ന് തന്ത്രം പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ കയറുന്നു. ബ്രാഹ്മണ സമൂഹത്തിലുള്ളവര്‍ അതുപോലെ തന്നെ മറ്റ് സര്‍ക്കാര്‍ ജോലികളിലും ചേരുന്നു. അപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ പൂജാരിപട്ടം കുലത്തൊഴിലാവുന്നില്ല’- ലക്ഷ്മി പറഞ്ഞതിങ്ങനെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rahul Ishwar says worship is a virtue does not think it is greater Lakshmi Rajeevs reply

We use cookies to give you the best possible experience. Learn more