തിരുവനന്തപുരം: നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് ലോകത്തോട് മാപ്പ് പറയുന്നത് ശരിയല്ലെന്നും അത് വിഷയത്തെ വളര്‍ത്തുകയേയുള്ളൂവെന്നും വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
3000ത്തോളം വര്‍ഷമായി നമുക്ക് അറബ് രാഷ്ട്രങ്ങളുമായി ബന്ധമുണ്ട്. എത്തിക്കലി ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. അത് പ്രവാചകനായാലും മറ്റ് ദൈവങ്ങളെയായാലും തെറ്റാണെന്നും രാഹുല്‍ പറഞ്ഞു.
നുപുര്‍ ശര്‍മ പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ പറഞ്ഞതാണ്. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാ രാജ്യത്തും ഉണ്ടാകും. എക്‌സ്ട്രീം സ്റ്റാന്‍ഡ് എടുക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. നമ്മള്‍ ഒരു വിഷയം ഹൈലൈറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പോസിറ്റീവ് ഹൈലേറ്റ് ചെയ്യുന്നതാണ് നെഗറ്റീവ് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയെന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഹിറ്റ്‌ലറുമായും നാസിയുമായും മോദിയെ താരതമ്യപ്പെടുത്തുക സാധ്യമല്ല. ഗാന്ധിയോട് മോദിയെ താരതമ്യം ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, നാസി, ഫാസിസ്റ്റ് സര്‍ക്കാരിനെക്കാളും ഗാന്ധിയന്‍ പാതയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നയാളാണ് നരേന്ദ്ര മോദി. ആ മോദിയെ ഹിറ്റ്‌ലറിനോട് താരതമ്യം ചെയ്യുന്നത് കടന്നകയ്യാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വലിയ പ്രശ്‌നമുണ്ടായി എന്നതില്‍ ഇവിടെ ആര്‍ക്കും തര്‍ക്കമില്ല. മോദി പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹം മുസ്‌ലിം വിരുദ്ധനാണെന്നുള്ള ഒരു കുപ്രചാരണമുണ്ടായിരുന്നു. അതൊക്കെ മുന്നില്‍ കണ്ട് അറബ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ മോദി ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ രാജ്യം മുമ്പേ നടപടിയെടുത്ത മാതൃകകള്‍ നമുക്ക് മുന്നിലുണ്ട്. ഇപ്പോഴത്തെ പ്രശ്‌നം എരിതീയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
എല്ലാ പള്ളികളിലും ശിവലിംഗം തിരയേണ്ടതില്ലെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന എല്ലാം പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന സന്ദേശമാണ്. അദ്ദേഹത്തേ പോലുള്ളവര്‍ ഒരു മധ്യ- ഗാന്ധിയന്‍ ലൈന്‍ സ്വീകരിക്കണമെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്. ഗാന്ധിജിയാണ് യഥാര്‍ഥ ഹിന്ദുവെന്ന് ആര്‍.എസ്.എസ് തലവന്‍ പറഞ്ഞാല്‍ അത് സ്വാഗതം ചെയ്യണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul Ishwar says Narendra Modi is closer to Gandhi