ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. സഭ ചേരാന്‍ അല്‍പസമയം മാത്രം ബാക്കി നില്‍ക്കവേയാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാറാണ് എം.പി സ്ഥാനം പുനസ്ഥാപിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കി കൊണ്ടുള്ള വിധിക്ക് സുപ്രീം കോടതിയില്‍ നിന്നും സ്‌റ്റേ ലഭിച്ചത് കൊണ്ട് തന്നെ എം.പി സ്ഥാനം പുനസ്ഥാപിക്കുന്നുവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം തിരിച്ച് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിധിയും പാര്‍ട്ടി കത്തുമായി ലോക്‌സഭ സ്പീക്കറെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കവേയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
അതേസമയം ലോക്‌സഭയില്‍ ചൊവ്വാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുകയാണ്. 90 മിനിറ്റാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് സംസാരിക്കാന്‍ അനുവദിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി സഭയില്‍ വരുന്നതോട് കൂടി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നത് രാഹുലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് നാലിനാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും പറഞ്ഞായിരുന്നു സുപ്രീം കോടതിയില്‍ രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. കേസില്‍ മാപ്പ് പറയില്ലെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എം.പി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.
കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
CONTENT HIGHLIGHTS: Rahul is now in the House; MP post reinstatement notification released