| Monday, 13th March 2023, 4:10 pm

രാഹുല്‍ ഇന്ത്യയെ അപമാനിച്ചു, മാപ്പ് പറയണം: രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ പ്രക്ഷുബ്ധമായി പാര്‍ലമെന്റ്. രാഹുല്‍ ഇന്ത്യയെ അപമാനിച്ചുവെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.

‘ഈ സഭയിലെ ഒരു അംഗമായ രാഹുല്‍ ഗാന്ധി ലണ്ടനില്‍ വെച്ച് ഇന്ത്യയെ അപമാനിച്ചു. ഈ സഭയിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തിന്റെ പരാമര്‍ശത്തെ അപലപിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണം,’ രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഒരു വിദേശരാജ്യത്ത് ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിച്ച് സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍ ഇന്ത്യന്‍ സര്‍ക്കാരുകളെ വിദേശ രാജ്യങ്ങളില്‍ വെച്ച് അപമാനിച്ച് സംസാരിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ എം.പിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്സഭ താത്കാലികമായി നിര്‍ത്തിവെച്ചു.

ജനാധിപത്യത്തെ സമ്പൂര്‍ണമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ അതിന്റെ രക്ഷക വേഷം ചമയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു.

ആം ആദ്മി പാര്‍ട്ടിയും ഭാരതീയ രാഷ്ട്ര സമിതിയും പ്രതിപക്ഷ കക്ഷികളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു നിന്നു. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഭാരതീയ രാഷ്ട്ര സമിതി അറിയിച്ചു.

പത്ത് ദിവസത്തെ ലണ്ടന്‍ പര്യടനത്തിനിടെ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ വലിയ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് എം.പിമാര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദത്തെ മൈക്ക് ഓഫ് ചെയ്ത് സര്‍ക്കാര്‍ നേരിടുന്നുവെന്ന് രാഹുല്‍ പറഞ്ഞത്.

ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും കടന്നാക്രമിച്ച അദ്ദേഹം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്ന സമീപനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.

കൂടാതെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്ദമാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും രാജ്യത്ത് വ്യാപകമാവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ച് കൊണ്ട് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlight: Rahul insulted India, should apologise, says Rajnath Singh

We use cookies to give you the best possible experience. Learn more