രാഹുലിന് പരിക്ക്! സഞ്ജു ഏഷ്യാ കപ്പ് കളിക്കുമോ?
Asia Cup
രാഹുലിന് പരിക്ക്! സഞ്ജു ഏഷ്യാ കപ്പ് കളിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st September 2023, 4:32 pm

ഏഷ്യാ കപ്പ് 2023നുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഒരു പേര് മലയാളികളുടെ സ്വന്തം സഞ്ജു സാംസണിന്റേതായിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ ആയാണ് തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിന് ഏഷ്യാ കപ്പില്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഇപ്പോഴിതാ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ.എല്‍. രാഹുലിന് പരിക്ക് കാരണം ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമാവും എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആണ് രാഹുല്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ ഉണ്ടാവില്ല എന്ന വാര്‍ത്ത പുറത്തുവിട്ടത്. ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെയും നേപ്പാളിനെതിരെയുമാണ് ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങള്‍.

നിലവില്‍ ഇന്ത്യയുടെ ആദ്യ 17 അംഗ ടീമില്‍ രാഹുലിനെ കൂടാതെ ഇഷാന്‍ കിഷന്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയിട്ടുള്ളത്. പരിക്കേറ്റ രാഹുലിന് പകരമായി ഇഷാന്‍ കിഷനാണ് കളിക്കാന്‍ സാധ്യത കൂടുതല്‍ ഉള്ളതെങ്കിലും ടീമില്‍ റിസേര്‍വ് മെമ്പര്‍ ആയി ഇടം നേടിയ മലയാളി താരം സഞ്ജുവിനെ പരിഗണിക്കുമോയെന്നതും കണ്ടുതന്നെ അറിയണം.

സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഭാഗമാവണമെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ 17 അംഗ ടീമിന്റെ ഭാഗമാവണം. അങ്ങനെ ടീമിന്റെ ഭാഗമാവണമെങ്കില്‍ രാഹുല്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ മാത്രമല്ല ടൂര്‍ണമെന്റ് മുഴുവന്‍ പുറത്തിരിക്കേണ്ടിവരും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ട്വന്റി-ട്വന്റി പരമ്പരയില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ച മൂന്ന് കളിയില്‍ 13, 7, 12 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍.

എന്നാല്‍ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ കളിച്ച രണ്ട് മത്സരത്തില്‍ നിന്നും 51, 9 എന്നീ സ്‌കോറുകളും നേടി. ഈ പ്രകടങ്ങള്‍ കൊണ്ട് മാത്രം ടീമില്‍ അവസരം ലഭിക്കുമോയെന്നു കണ്ടറിയണം.

ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമ്പോള്‍ അത് കാര്യക്ഷമായി ഉപയോഗിക്കാന്‍ സഞ്ജുവിന് കഴിയുന്നില്ല എന്നത് ഒരു പോരായ്മയാണ്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്താല്‍ മാത്രമേ സഞ്ജുവിന് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കൂ.

പല കളികളിലും അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിയുന്ന പ്രവണതയാണ് സഞ്ജുവില്‍ കാണാന്‍ സാധിക്കുന്നത്. സഞ്ജു പുറത്താവുന്ന രീതിയാണ് പ്രധാന പ്രശ്‌നം.

 

സഞ്ജുവിന്റെ ദുര്‍ബലമായ ഷോട്ടുകള്‍ എളുപ്പത്തില്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുന്നു. എങ്കിലും കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്തുപോയതോടെ ഏഷ്യാ കപ്പില്‍ സഞ്ജുവിന് അവസരം ലഭിക്കും എന്ന പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

 

 

Content highlight: Rahul injured! Will Sanju Samson play Asia Cup?