ന്യൂദല്‍ഹി: അദാനി വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നാടകമാണ് പാര്‍ലമെന്റില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കേംബ്രിഡ്ജ് പ്രസംഗത്തിനിടെ രാജ്യത്തിനെതിരായി സംസാരിച്ചിട്ടില്ലെന്നും അനാവശ്യ ആരോപണങ്ങളുമായി അദാനി വിവാദത്തെ മറച്ചുപിടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് രാഹുലിന്റെ പരാമര്‍ശം.
ഹിന്‍ഡന്‍ ബര്‍ഗ് റിപ്പേര്‍ട്ടില്‍ പരാമര്‍ശിച്ച അദാനിയുടെ അജ്ഞാത ഇന്‍വെസ്റ്റര്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനത്തിനായി ദല്‍ഹിയിലെത്തിയ രാഹുലിന് സഭയില്‍ പ്രസംഗിക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക മുന്നില്‍ രാഹുലിന്റെ വെളിപ്പെടുത്തല്‍.
‘പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയ എന്നെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. അദാനി വിഷയം ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് മുതല്‍ എന്നെ വേട്ടയാടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മോദിയും അദാനിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്ത് വരുമോ എന്ന പേടിയാണ് ബി.ജെ.പിക്ക്.
അത് മറച്ച് പിടിക്കാനുള്ള നാടകമാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടത്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും രാജ്യം ചര്‍ച്ച ചെയ്യണ്ടേ പ്രധാന വിഷയം ഇപ്പോഴും ടേബിളിന് മുകളിലുണ്ട്.’ രാഹുല്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും വെച്ച് മോദിയും അദാനിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അതിന്റെ കാരണം വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയ അജ്ഞാത വ്യക്തിയാരാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
‘അദാനിയെക്കുറിച്ചോ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഞാന്‍ പണ്ട് പറഞ്ഞപോലെ എന്തിനാണ് അദാനിയും മോദിയും കൂടി സ്റ്റേറ്റ് ബാങ്ക് ചെയര്‍മാനോടൊപ്പം ഓസട്രേലിയയില്‍ ചെന്ന് കൂടിക്കാഴ്ച്ച നടത്തിയത്.
സമാനമായ ചര്‍ച്ചകള്‍ ശ്രീലങ്കയിലും ബംഗ്ലാദേശിലും വെച്ച് നടത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രാജ പക്‌സെയോട് അദാനിയുടെ കോണ്‍ട്രാക്ട് സൈന്‍ ചെയ്യാന്‍ മോദി ശിപാര്‍ശ ചെയ്തതെന്തിന്? അദാനിയുടെ ഷെല്‍ കമ്പനികളില്‍ കോടികളുടെ നിക്ഷേപം നടത്തിയ അജ്ഞാത വ്യക്തി ആരാണ്, അദാനിയും ആ വ്യക്തിയും തമ്മിലുള്ള ബന്ധമെന്ത്?
ഈ വിഷയത്തെക്കുറിച്ചൊക്കെയാണ് ചര്‍ച്ച നടക്കേണ്ടത്. ഇതിനെല്ലാം മോദി മറുപടി പറയേണ്ടതുണ്ട്,’ രാഹുല്‍ പറഞ്ഞു.
Content Highlight: Rahul gndhi press conference