റായ്ബറേലി ഗാന്ധി കുടുംബത്തിന്റ തട്ടകം, ആ സീറ്റ് രാഹുൽ നിലനിർത്തണം: അജയ് റായ്
India
റായ്ബറേലി ഗാന്ധി കുടുംബത്തിന്റ തട്ടകം, ആ സീറ്റ് രാഹുൽ നിലനിർത്തണം: അജയ് റായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2024, 12:50 pm

ലഖ്‌നൗ: രാഹുൽ ഗാന്ധി റായ്ബറേലിയിലെ സീറ്റ് നിലനിർത്തണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അജയ് റായ്. റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ തട്ടകമാണെന്നും ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിലപാട് രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘റായ്ബറേലിയുമായി ഗാന്ധി കുടുംബത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. രാഹുൽ ഗാന്ധി റായ്ബറേലി വിട്ടുകൊടുക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും ഇത് തന്നെയാണ് പറയാനുള്ളത്. ഞങ്ങളുടെ നിലപാട് ഞങ്ങൾ അറിയിച്ചിട്ടുണ്ട്,’ അജയ്
പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതിയിലും രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം നേതാക്കൾ ശക്തമാക്കിയിട്ടുണ്ട്.

റായ്ബറേലിയിലും വയനാട്ടിലും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കളും ഇന്ത്യാ മുന്നണിയിലെ മറ്റ് നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതേ സംബന്ധിച്ച് തന്റെ നിലപാട് രാഹുൽ ഗാന്ധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഉത്തർപ്രദേശിലെ റായ്ബറേലിയിലും കേരളത്തിലെ വയനാട്ടിലും ജയിച്ച രാഹുൽ ഏത് ഏത് മണ്ഡലം നിലനിർത്തുമെന്നത് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്നത് ബി.ജെ.പിക്കൊരു തിരിച്ചടിയായിരിക്കുമെന്ന നിലപാടിലാണ് നേതാക്കൾ. ഒപ്പം റായ്ബറേലി വൈകാരിക ബന്ധമുള്ള മണ്ഡലമാണെന്നും അത് വിട്ട് കളയരുതെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിൽക്കുകയാണെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരികയും വയനാട്ടിൽ പുതിയ സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ടിവരികയും ചെയ്യും. ഇതിനായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം നടത്താൻ തീരുമാനമായിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തിൽ വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.

അതേസമയം വൈകീട്ട് നടക്കുന്ന പാർലമെന്ററി തെരഞ്ഞെടുപ്പ് യോഗത്തിൽ സോണിയാഗാന്ധിയെ ചെയർപേഴ്‌സണായി നിയമിക്കും. പ്രതിപക്ഷ നേതാവിനെ സോണിയാഗാന്ധി പ്രഖ്യാപിക്കും .

2014 ലും 2019 ലും ആകെ സീറ്റുകളുടെ 10 ശതമാനം ഇല്ലാത്തതിനാൽ കോൺഗ്രസിന് പ്രതിപക്ഷനേതാവ് പദവി ലഭിച്ചിരുന്നില്ല. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കോൺഗ്രസിന് ഈ പദവി ലഭിക്കുന്നത്.

 

Content Highlight: Rahul Ghandi should be the leader of opposition said by Ajay Ray