മോദിയുടെ ആത്മാവ് അദാനിയുടെ കൈയില്‍; അദാനിക്ക് എതിരായ വിമര്‍ശനങ്ങളാണ് ഫോണ്‍ ചോര്‍ത്തലിന് പിറകില്‍; രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍
national news
മോദിയുടെ ആത്മാവ് അദാനിയുടെ കൈയില്‍; അദാനിക്ക് എതിരായ വിമര്‍ശനങ്ങളാണ് ഫോണ്‍ ചോര്‍ത്തലിന് പിറകില്‍; രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st October 2023, 4:38 pm

ന്യൂദല്‍ഹി: ഇന്ത്യാമുന്നണിയിലെ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തലിനു പിന്നില്‍ അദാനിക്ക് എതിരെ തങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അക്രമകാരികള്‍ നേതാക്കളുടെ ഐഡി ചോര്‍ത്താന്‍ ശ്രമിക്കുന്നതായി്ട്ടാണ് ഇമെയിലിലൂടെ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ആത്മാവ് അദാനിയില്‍ ആണെന്നും ഇന്ത്യയിലെ ജനങ്ങളില്‍ നിന്നും അദാനി കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍

‘ഇതൊരു പഴയ കഥയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിന്ദുസ്ഥാനില്‍ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് എതിരെയായിരുന്നു എല്ലാവരും. എല്ലാ ജനവിഭാഗവും എതിരാളികളും അയാളെ ആക്രമിക്കുകയായിരുന്നു.

അയാളെ എത്രയൊക്കെ ആക്രമിച്ചാലും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം എതിരാളികള്‍ അയാളെ പ്രതിരോധിക്കാനായി ഒരു ഋഷിവര്യന്റെ അടുത്തു പോയി.

എന്നിട്ട് പറഞ്ഞു ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നില്ല. ഞങ്ങള്‍ രാജാവിനെ 24 മണിക്കൂറും ആക്രമിക്കുന്നുണ്ട്. ജനങ്ങള്‍ ഇയാള്‍ക്കെതിരാണ്.

പക്ഷെ ഒന്നും സംഭവിക്കുന്നില്ല. എത്രയൊക്കെ ഞങ്ങള്‍ അയാളെ പ്രതിരോധിച്ചിട്ടും ഫലം ഒന്നുമില്ല.
ഇത് കേട്ട ജ്ഞാനിയായ ഋഷി പറഞ്ഞു ‘നോക്കൂ യഥാര്‍ത്ഥത്തില്‍ ഈ രാജാവിന്റെ അടുത്ത് അദ്ദേഹത്തിന്റെ ആത്മാവില്ല. അദ്ദേഹത്തിന്റെ ആത്മാവ് പുറകില്‍ ഒരു ചെറിയ വീട്ടിലാണ്. ആ വീട്ടില്‍ ഒരു പക്ഷിക്കൂട്ടില്‍ ഒരു തത്തയുണ്ട്. അദ്ദേഹത്തിന്റെ ആത്മാവ് ആ തത്തയ്ക്കുള്ളില്‍ ആണുള്ളത്. തത്തയെ പോയി നിങ്ങള്‍ പിടിക്കൂ. രാജാവിന്റെ അന്ത്യം സുനിശ്ചിതമാണ്’ ഋഷി അവരോട് പറഞ്ഞു.
വളരെ രസകരമായ കഥയാണിത്.

അതുപോലെ നരേന്ദ്രമോദിയുടെ ആത്മാവ് അദാനിയില്‍ ആണുള്ളത്. തത്ത എവിടെയാണോ ഇരിക്കുന്നത് അവിടെയാണ് രാജാവിരിക്കുന്നത്.
പ്രതിപക്ഷ കക്ഷികള്‍ എല്ലാം രാജാവിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതാണ്.

രാജാവ് രാജാവല്ല. രാജാവിന്റെ അധികാരം മറ്റൊരാളുടെ കയ്യിലാണ്. അതായത് അദാനിയുടെ കൈകളിലാണ്. എപ്പോള്‍ നമ്മള്‍ അദാനിയെ പിടികൂടുന്നുവോ ഇന്റലിജന്‍സ് ഏജന്‍സികള്‍ എല്ലാം അവിടെ എത്തുന്നുണ്ട്.

ഇവിടെ എല്ലാവരും ഒന്നാമത് പ്രധാനമന്ത്രി രണ്ടാമത് അദാനി മൂന്നാമത് അമിത് ഷാ എന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണ്.
യഥാര്‍ത്ഥത്തില്‍ ഒന്നാമത് അദാനി രണ്ടാമത് പ്രധാനമന്ത്രി മൂന്നാമത് അമിത് ഷാ എന്നതാണ് ശരി.

ഇപ്പോള്‍ ഇവരുടെ രാഷ്ട്രീയം നമുക്ക് മനസ്സിലാകുന്നുണ്ട്. അദാനി ഒരിക്കലും രക്ഷപ്പെടില്ല. അദാനിയെ നമ്മള്‍ തത്തയെ പിടിച്ച പോല പിടിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ എല്ലാം സംഭവിക്കുന്നത്. ഒരു തരം ‘ഡിസ്ട്രാക്ഷന്‍ പൊളിറ്റിക്‌സ്’ ആണ് നടക്കുന്നത്.
ഇപ്പോള്‍ മുഴുവന്‍ പ്രതിപക്ഷ പക്ഷത്തെ നേതാക്കള്‍ക്കും ആപ്പിളിന്റെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്.

ഞാന്‍ പേപ്പറുകള്‍ നിങ്ങള്‍ക്ക് വേണ്ടി വലുതാക്കി കാണിക്കുകയാണ്. എല്ലാവരും നോക്കൂ. ഇത് തത്തയുടെ കളിയാണ്.
ഇതില്‍ എഴുതിയിരിക്കുന്നത് നിങ്ങള്‍ ഹാക്കിങ്ങിന് ഇരയായിട്ടുണ്ട് എന്ന ആപ്പിള്‍ കമ്പനിയുടെ നിര്‍ദ്ദേശമാണ്.നിങ്ങളുടെ ആപ്പിള്‍ ഐഡി ഹാക്ക് ചെയ്തിരിക്കുകയാണ് എന്നുമാണ്.

ഇത്  എന്റെ ഓഫീസിലെ എല്ലാ അംഗങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ഗോപാല്‍ജിക്ക് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ ഒരു വലിയ പട്ടിക തന്നെയുണ്ട്. പവന്‍ കേദാര്‍, സുപ്രിയ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, പ്രിയങ്ക ചതുര്‍വേദി, മഹുവാ മോയ്ത്രാ, രാഘവ് ചദ്ധ തുടങ്ങിയ ഒരു വലിയ നിര തന്നെയുണ്ട്. ഇവരെല്ലാവരും ഈ വിഷയത്തില്‍ പങ്കാളികളാണ്.

ദേശത്തിലെ യുവാക്കളോട് ഇവിടെ നടക്കുന്നത് എന്തെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
നിങ്ങളുടെ ശ്രദ്ധ അവിടെയും ഇവിടെയുമായി വ്യതിചലിപ്പിക്കുകയാണ് ഇവര്‍. നിങ്ങളുടെ ഹൃദയത്തില്‍ വിദ്വേഷം വളര്‍ത്തുകയാണ്. വിദ്വേഷത്തിലൂടെ നിങ്ങളുടെ ഭാവി തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.

അദാനി ഇന്ത്യയിലെ തുറമുഖങ്ങള്‍ പിടിച്ചിടക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ പിടിച്ചിടക്കിയിട്ടുണ്ട്. മുംബൈ എയര്‍പോര്‍ട്ട് അദാനിക്ക് വേണമായിരുന്നു അതിനു സി.ബി.ഐയെ ഇറക്കി കളിച്ചു. കാര്‍ഷിക മേഖലയും പിടിച്ചടക്കിയിട്ടുണ്ട്. ഇന്‍ഫ്രാസ്ട്രക്ച്ചറും ഭക്ഷ്യ ശേഖരവും എല്ലാം അയാളുടെ കയ്യിലാണ്. നിങ്ങള്‍ യാത്ര ചെയ്യുന്ന റോഡുകള്‍ നിര്‍മ്മിച്ച സിമെന്റും അയാളുടെ കൈകളിലാണ്. പൂര്‍ണ്ണമായിട്ടും ദേശം ഇയാളുടെ കൈകളിലാണ്. ഇതിന്റെ എല്ലാ നഷ്ടവും ഇന്ത്യയിലെ യുവാക്കള്‍ക്കാണ്.

നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ പോകൂ ഉന്നത വിദ്യാഭ്യാസം നേടു. നിങ്ങള്‍ ഐ.എ.എസ്സുകാരാകൂ. നിങ്ങള്‍ പോകു എന്‍ജിനീയര്‍ ആകൂ. നിങ്ങളില്‍ ഒരു ശതമാനം പേര്‍ എന്‍ജിനീയര്‍മാര്‍ ആകും. ഒരു ശതമാനം ആളുകള്‍ ഡോക്ടറും ആകും 000.001 ശതമാനം ആളുകള്‍ ഐ. എ.എസ്‌കാരാകും.

നിങ്ങള്‍ക്ക് തെറ്റായ ഭാവി വാഗ്ദാനങ്ങള്‍ ആണ് അവര്‍ നല്‍കുന്നത്. നിങ്ങളുടെ ഭാവിയാണ് അവര്‍ നിങ്ങളുടെ കയ്യില്‍ നിന്നും കൊണ്ടുപോകുന്നത്. ഇതാണ് ഇന്നത്തെ ഇന്ത്യയുടെ സത്യാവസ്ഥ. വളരെ കുറച്ചു പേരാണ് ഇതിന് എതിരായി നില്‍ക്കുന്നത്.
പക്ഷേ ഞങ്ങള്‍ പേടിക്കുന്നവരല്ല. ഞങ്ങള്‍ പോരാടുന്നവരാണ്. ഞങ്ങള്‍ പിറകോട്ട് പോകില്ല എത്ര ഹാക്ക് ചെയ്യണമെങ്കിലും ചെയ്‌തോളൂ എനിക്ക് ഒരു മാറ്റവും ഇല്ല.

നിങ്ങള്‍ക്ക് എന്റെ ഫോണ്‍ വേണമെങ്കില്‍ ഞാന്‍ നല്‍കാം. ഇന്ത്യയുടെ ഭാവിക്ക് ആവശ്യമായ ഏറ്റവും വലിയ കാര്യം ന്യായമാണ്. ഈ രാജ്യത്തെ ജനങ്ങള്‍ക്കും യുവാക്കള്‍ക്കും നീതി ലഭിച്ചിട്ടില്ലെങ്കില്‍ ഈ രാജ്യം മുന്നോട്ടു പോകില്ല.

ഞാന്‍ ഒരുപാട് തവണ ഈ കാര്യം പറഞ്ഞിട്ടുണ്ട്. ഇനിയും പറഞ്ഞുകൊണ്ടിരിക്കും. ഇത് പ്രാവര്‍ത്തികമാക്കി ഞങ്ങള്‍ കാണിക്കും.ജാതി സെന്‍സസ് നടക്കാതെ ഈ രാജ്യത്ത് യുവാക്കള്‍ക്ക് പുരോഗതി ഉണ്ടാവില്ല.

അദാനി അഴിമതി നടത്തുമ്പോള്‍ എവിടെ നിന്നാണ് അയാള്‍ മോഷ്ടിക്കുന്നത്? ദേശത്തെ സാധാരണ ജനവിഭാഗത്തിന്റെ പണമാണ് അയാള്‍ മോഷ്ടിക്കുന്നത്. നിങ്ങള്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അതിലും അദാനിക്ക് ലാഭമുണ്ട്. ട്രെയിനില്‍ നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ അവിടെ നികുതിയും. ഈ പണം എല്ലാം പാവപ്പെട്ടവരുടെ കീശയില്‍ നിന്നുമാണ് അയാള്‍ എടുക്കുന്നത്.’

Content Highlight: Rahul Ghandi on phone hacking issue