ഭീകരവാദിയെന്ന് ബി.ജെ.പി എം.പി ലോക്‌സഭയില്‍ അധിക്ഷേപിച്ച മുസ്‌ലിം എം.പിയെ സന്ദര്‍ശിച്ച് രാഹുല്‍
national news
ഭീകരവാദിയെന്ന് ബി.ജെ.പി എം.പി ലോക്‌സഭയില്‍ അധിക്ഷേപിച്ച മുസ്‌ലിം എം.പിയെ സന്ദര്‍ശിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd September 2023, 9:33 pm

ന്യൂദല്‍ഹി: ബി.എസ്.പി എം.പി ഡാനിഷ് അലിയെ ലോക്‌സഭയില്‍ ‘ഭീകവാദി’ എന്ന് വിളിച്ച ബി.ജെ.പി എം.പി രമേശ് ബിധുരിക്കെതിരെ വ്യാപക പ്രതിഷേധം. ഡാനിഷ് അലിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ടെത്തി സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കാമെന്ന് രാഹുല്‍ പറഞ്ഞു.

മുസ്‌ലിങ്ങളെയും അധിക്ഷേപിക്കുന്നത് ബി.ജെ.പി സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്നാണ് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര പ്രതികരിച്ചത്.

‘മുസ്‌ലിങ്ങളെയും പിന്നാക്കക്കാരെും അധിക്ഷേപിക്കുന്നത് ബി.ജെ.പിക്ക് ഒരു പുതുമയില്ലാത്ത കാര്യമായി. ഇന്ത്യന്‍ മുസ്ലിങ്ങളെ അവരുടെ സ്വന്തം നാട്ടില്‍ ഭയപ്പാടോടെ ജീവിക്കുന്നതിലേക്ക് അവര്‍ ചുരുക്കി,’ മഹുവ മൊയ്ത്ര എക്‌സില്‍ കുറിച്ചു.

 

മുല്ല, ഉഗ്രവാദി(ഭീകരവാദി) ബഡുവ(പിംപ്), കട്വാ (മുറിയന്‍) എന്നിങ്ങനെയുള്ള അധിക്ഷേപ പ്രയോഗങ്ങളാണ് ബി.ജെ.പി എം.പി രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ പ്രയോഗിച്ചത്. ഈ സമയം മുന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷ് വര്‍ധനും രവിശങ്കര്‍ പ്രസാദും പിറകിലത് കേട്ടിരുന്ന് ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ചാന്ദ്രയാന്‍-3 മിഷനുമായി ബന്ധപ്പെട്ട ലോക്‌സഭാ ചര്‍ച്ചയില്‍ ബി.എസ്.പിയിലെ കുന്വര്‍ ഡാനിഷ് അലിക്കെതിരെയാണ് ബിധുരി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശങ്ങള്‍ സഭ നീക്കം ചെയ്തിരുന്നു.

ബിധുരിക്കെതിരെ നടപടി എടുത്തിട്ടില്ലെങ്കില്‍ തന്റെ ലോക്‌സഭാ അംഗത്വം ബഹിഷ്‌കരിക്കുമെന്ന് ഡാനിഷ് അലി എം.പി പറഞ്ഞിരുന്നു. സഭയിലും രമേശ് ബിധുരിയുടെ പരാമര്‍ശങ്ങള്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാണാമായി. കോണ്‍ഗ്രസ് എം.പി ജയറാം രമേശ് ബിധുരിയെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ബിധുരി ഉപയോഗിച്ച ഭാഷ പാര്‍ലമെന്റിന്റെ അകത്തും പുറത്തും ഉപയോഗിക്കാന്‍ പാടില്ല എന്നും ജയറാം രമേശ് പറഞ്ഞു.

Content Highlight: Rahul Gandi visits the Muslim MP who insulted the BJP MP as a terrorist in the Lok Sabha