| Thursday, 11th July 2019, 1:53 pm

വയനാട്ടിലെ കര്‍ഷക ആത്മഹത്യയും മൊറട്ടോറിയവും ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യയും കേരളത്തിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക വായ്പക്കുള്ള മൊറട്ടോറിയം കാലാവധി ആര്‍.ബി.ഐ നീട്ടി നല്‍കാത്ത വിഷയവും ലോക്‌സഭയില്‍ ഉന്നയിച്ച് എം.പി രാഹുല്‍ ഗാന്ധി.

മൊറട്ടോറിയം കാലാവധി നീട്ടാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടണമെന്നും ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചുവെന്നും രാഹുല്‍ ശൂന്യവേളയില്‍ പറഞ്ഞു.

കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തെന്ന് രാഹുല്‍ ലോക്‌സഭയെ അറിയിച്ചു.

‘വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ വയനാട്ടില്‍ മാത്രം എണ്ണായിരത്തോളം കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേയ്ക്ക് കടക്കുന്നു. ഇതാണ് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണ’മെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായതല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കി. വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more