ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ താന്‍ കേരളത്തിലെ കോണ്‍ഗ്രസിനൊപ്പമല്ലെന്ന് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെ.പി.സി.സി അത്തരത്തിലൊരു തീരുമാനം എടുത്തത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് അവരുടെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ അഭിപ്രായമല്ലെന്നും രാഹുല്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെയുള്ള സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോടതിയില്‍ സ്വീകരിച്ച അതേ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.