ന്യൂദല്‍ഹി: ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുന്ന വര്‍ത്തമാന കാലത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയൊരു രാഷ്ട്രീയ സന്ദേശമാണെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
രാജ്യത്തെ വീണ്ടെടുക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയേണ്ടതുണ്ടെന്നും ജോഡോ യാത്ര അതിലേക്കുള്ള ഒരു വഴിയായി കാണുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്നതുസംബന്ധിച്ച് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
‘നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ നല്ലൊരു നീക്കമായിട്ടാണ് വിലയിരുത്തുന്നത്. യാത്ര വലിയ സന്ദേശം നല്‍കുന്നുണ്ട്. രാജ്യത്ത് ബി.ജെ.പി സര്‍ക്കാരിന്റെ വിദ്വേഷത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഈ യാത്രക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
രാജ്യത്തെ നിയമപരമായ എല്ലാ സംവിധാനങ്ങളേയും തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വ്യാജ വാര്‍ത്തകളും വിദ്വേഷവും വളരെ പെട്ടെന്നാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ എല്ലാവരും നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്താന്‍ ഒരുമിച്ചുവരേണ്ടതുണ്ട്. രാജ്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമുക്ക് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്.
അങ്ങനെയൊരു പരിഹാരമായിട്ടാണ് ഞാന്‍ ഭാരത് ജോഡോ യാത്രയെ കാണുന്നത്. ആ അര്‍ത്ഥത്തില്‍ ഈ യാത്രക്ക് വലിയ സ്വാധീനമുണ്ടാക്കാനാകും,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അറുപതാം ദിവസം തെലങ്കാനയില്‍വെച്ചായിരുന്നു പ്രശാന്ത് ഭൂഷണ്‍ യാത്രയുടെ ഭാഗമായത്.
അതേസമയം, ഭാരത് ജോഡോ യാത്ര അഞ്ച് സംസ്ഥാനങ്ങള്‍ പിന്നിട്ട് തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ നാന്ദഡില്‍ എത്തി. ഗുരുനാനാക് ജയന്തി ദിനമായ ചൊവ്വാഴ്ച നാന്ദഡിലെ ഗുരുദ്വാര സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ യാത്ര തുടര്‍ന്നത്.
മോദിസര്‍ക്കാറിന്റെ നോട്ട് നിരോധന നയം സാമ്പത്തികമേഖലയെ ദുര്‍ബലമാക്കല്‍, പട്ടിണി, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച എന്നിവക്ക് കാരണമായെന്ന് നോട്ട് നിരോധനത്തിന്റെ വാര്‍ഷക ദിനമായ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.