ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഞങ്ങള്‍ വിജയിക്കും; മായാവതിക്ക് മറുപടിയുമായി രാഹുല്‍
national news
ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഞങ്ങള്‍ വിജയിക്കും; മായാവതിക്ക് മറുപടിയുമായി രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th October 2018, 10:46 am

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും എന്നാല്‍ ബി.എസ്.പി നിലപാട് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഒരു സംസ്ഥാനത്ത് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതും കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കുന്നതും രണ്ടും രണ്ടാണ്. എനിക്ക് തോന്നുന്നത് അത്തരമൊരു സൂചനയാണ് മായാവതി ജി നല്‍കിയതെന്നാണ്.

സംസ്ഥാനത്ത് ഞങ്ങളുടെ നിലവിലെ അവസ്ഥയില്‍ ആത്മവിശ്വാസം ഉണ്ട്. ഞങ്ങള്‍ ബി.എസ്.പിയുമായി കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നിലയ്ക്ക് പോകാനായിരുന്നു അവരുടെ തീരുമാനം.

മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാലും അത് വലിയ തോതില്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത് വലിയൊരു കാര്യമാകുമായിരുന്നു. ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും ചണ്ഡീഗഡിലും കോണ്‍ഗ്രസ് വിജയിക്കും.

ദേശീയ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് തന്നെ മുന്നോട്ടുപോകാമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍-രാഹുല്‍ പറഞ്ഞു.

രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ചണ്ഡീഗഡ്ഡിന്റേയും തെലങ്കാനായുടെയും കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

താന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടാണ് അത് മറ്റൊരു വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.


“ഇവള്‍ അഭിമന്യുവിന്റെ പെങ്ങള്‍, എല്ലാവരും വരണം”; കേരളത്തെ മുഴുവന്‍ കല്യാണം വിളിച്ച് അഭിമന്യുവിന്റെ മാതാപിതാക്കള്‍


ക്ഷേത്രങ്ങളിലും പള്ളികളിലും ഗുരുദ്വാരകളിലും കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ പോകാറുണ്ട്. ആരും അതൊന്നും ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഇത് ഉയര്‍ന്നുവരുന്നത്. അത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ വരെ നിലനിന്നു. ഞാന്‍ ഏത് ക്ഷേത്രത്തില്‍ പോയാലും അതിന് പബ്ലിസിറ്റി കിട്ടുന്നു. ഇതെല്ലാം ബി.ജെ.പിയെ വിറളിപിടിപ്പിക്കുന്നുണ്ട്. അവര്‍ കരുതുന്നത് ക്ഷേത്രമെന്നത് അവര്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന സ്ഥലമാണ് എന്നാണ്. അവിടെയാണ് ഹിന്ദുത്വവും ഹിന്ദൂയിസവും തമ്മിലുള്ള വ്യത്യാസം. ഹിന്ദുത്വ എന്നത് പൊളിറ്റിക്കല്‍ ഐഡിയോളജിയാണ്. ഹിന്ദുയിസം എന്നത് സ്പിരിച്വല്‍ ഐഡിയാണ്.

ബി.ജെ.പി അവരുടെ കുത്തകയായി ധരിച്ചുവെച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. എല്ലാം അവരുടെ കുത്തകയാണെന്നാണ് വിചാരം. അത് അവരുടെ രീതി. എന്നാല്‍ അത് ഇന്ത്യയുടെ രീതിയല്ല.

ഇന്ത്യയിലെ ഭരണനിര്‍വഹണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും അത് അവരുടേതാക്കാനുമാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. ഇന്ത്യയിലെ സ്ഥാപനങ്ങളെ അതിന്റെ വഴിക്ക് വിടണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാവണം.

സുപ്രീം കോടതിയേയോ തെരഞ്ഞെടുപ്പ് കമ്മീഷനേയോ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കാറില്ല. ഇതുവരെ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ബി.ജെ.പിയും ആര്‍.എസ്.എസും അങ്ങനെയല്ല. ഒന്നിനുപിറകെ ഒന്നായി എല്ലാം പിടിച്ചെടുക്കാനാണ് അവരുടെ ശ്രമം- രാഹുല്‍ പറഞ്ഞു.

മോദി പിന്തുടരുന്ന രാഷ്ട്രീയത്തേയും സാമ്പത്തിക നയത്തേയും ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.

മോദിയുടെ നോട്ട് നിരോധനം ദുരന്തത്തിലേക്കുള്ള കാല്‍വെപ്പായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും വളര്‍ത്തി ഭരണം മുന്നോട്ടുകൊണ്ടുപോകുകയാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു.