ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷം മുന്‍നിര്‍ത്തി ബി.ജെ.പി സര്‍ക്കാരിനെതിരെ ഇന്ത്യാ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിച്ചേക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്റില്‍ ഇന്ന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ പ്രസംഗം മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയായിരിക്കും അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് തുടക്കമിടുകയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും ആസാമില്‍ നിന്നുള്ള എം.പിയുമായ ഗൗരവ് ഗൊഗോയ് ആണ് പ്രതിപക്ഷ വാദങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്.
Mr @RahulGandhi reaches Parliament House pic.twitter.com/I7wuOsHo3k
— Supriya Bhardwaj (@Supriya23bh) August 8, 2023
മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നത് രാജ്യം ഇതുവരെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പാര്‍ലമെന്റ് മണിപ്പൂരിനൊപ്പം നില്‍ക്കണമെന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവ്രതം വെടിയാനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും വെറും മുപ്പത് സെക്കന്‍ഡ് മാത്രമാണ് അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചതെന്നും ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി.