തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് നിയുക്ത എംപിയുമായ രാഹുല്‍ഗാന്ധിയുടെ കത്ത്. പനമരം പഞ്ചായത്തില്‍ വി.ദിനേശ് കുമാര്‍ ആത്മഹത്യ ചെയ്തതിലാണ് രാഹുല്‍ഗാന്ധി അന്വേഷണം ആവശ്യപ്പെട്ടത്.
ദിനേശ് കുമാറിന്റെ ഭാര്യ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും, വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് ദിനേഷ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു. ദിനേശ് കുമാറിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല, ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരളാ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേശ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ കര്‍ഷകരുടെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അതിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. എല്ലാകര്‍ഷകര്‍ക്കും മാന്യമായി ജീവിക്കാനാവശ്യമായ സാഹചര്യങ്ങള്‍ ഉറപ്പാവുകയാണ് വേണ്ടതെന്നും കത്തില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ ആദ്യ ഇടപെടലാണിത്.