| Thursday, 4th April 2019, 1:54 pm

സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല; വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക് പോലും താന്‍ പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കേരളത്തില്‍ മത്സരം സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മിലായിരിക്കാമെന്നും പക്ഷേ തന്റെ പോരാട്ടം ബി.ജെ.പിക്കെതിരെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

“കേരളത്തിലെ എല്ലാവരോടും, സി.പി.ഐ.എമ്മിലേയും കോണ്‍ഗ്രസിലെയും സഹോദരീ സഹോദരന്മാരോട് എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്: എനിക്കറിയാം കേരളത്തില്‍ പരമ്പരാഗതമായി എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന്, അതങ്ങനെ തന്നെ തുടരും.

എനിക്കറിയാം, സിപിഎമ്മിനു ശ്രമിക്കാതിരിക്കാനാവില്ല. അവര്‍ക്ക് എനിക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല എന്ന്. പക്ഷേ ഞാന്‍ സിപിഎമ്മിനെതിരെ ഒരു വാക്കും പറയില്ല. ഞാനതിനല്ല മത്സരിക്കുന്നത്. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ്, ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം പകരാനാണ് ഞാന്‍ ഇവിടെ നിന്ന് മത്സരിക്കുന്നത്.

സിപിഎമ്മിനു ശ്രമിക്കാതിരിക്കാന്‍ ആവില്ല എന്നതിനെ ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. അവര്‍ എനിക്കെതിരെ നടത്തുന്ന എല്ലാ അക്രമണങ്ങളെയും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. പക്ഷേ പ്രചരണത്തില്‍ ഒരിടത്തും അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല.”


താങ്കളുടെ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷമെന്ന വാക്കുപോലുമില്ല; മനപൂര്‍വമല്ലെന്ന് വിശ്വസിച്ചോട്ടെ: രാഹുല്‍ ഗാന്ധിക്ക് വിജയം ആശംസിച്ച് മഅദ്‌നി


നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചാണ് കളക്ട്രേറ്റില്‍ എത്തിയത്.

സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുലും പ്രിയങ്കയും കളക്ട്രേറ്റിലെത്തിയത്.

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 41 പത്രികളാണ് ഇന്നലെ മാത്രം ലഭിച്ചത്.

നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി രാഹുല്‍ വയനാട് എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്.

We use cookies to give you the best possible experience. Learn more