തെരഞ്ഞെടുപ്പ് ചൂടില്‍ രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല, മറ്റൊരിടത്തേക്ക്; നാലു ദിവസം നീണ്ട യാത്രയ്ക്കു കാരണം ഇതാണ്
national news
തെരഞ്ഞെടുപ്പ് ചൂടില്‍ രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല, മറ്റൊരിടത്തേക്ക്; നാലു ദിവസം നീണ്ട യാത്രയ്ക്കു കാരണം ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2019, 11:03 pm

ന്യൂദല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്കു പോയതായുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല, മറ്റൊരിടത്തേക്കാണെന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്.

രാഹുല്‍ പോയിരിക്കുന്നത് കംബോഡിയയിലേക്കാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ‘ദ ഹിന്ദു’വാണ്. ഇതുവരെ ഈ വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളാരും തന്നെ രംഗത്തെത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം രാഹുല്‍ ബാങ്കോങ്കിലേക്കു പോയെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യക്തിപരമായ കാരണങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും രാഹുല്‍ പ്രചാരണം നടത്തുമെന്നും സിങ്വി ട്വീറ്റ് ചെയ്തിരുന്നു.

നാലുദിവസത്തെ സന്ദര്‍ശനത്തിനാണു രാഹുല്‍ കംബോഡിയയിലേക്കു പോയതെന്ന് ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ നടക്കുന്ന ഒരു മെഡിറ്റേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാനാണു യാത്രയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ മാസം 21-നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പും ഈ മാസം നടക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസില്‍ വന്‍ ഭിന്നത ഉടലെടുത്തു നില്‍ക്കവെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയില്‍ മുന്‍ സംസ്ഥാനാധ്യക്ഷന്‍ അശോക് തന്‍വാര്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. പിന്നാലെ, മഹാരാഷ്ട്രയില്‍ പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.