| Thursday, 11th April 2019, 8:02 am

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് കോടതി പറഞ്ഞില്ല; റഫാല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് നിര്‍മ്മലാ സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് ബി.ജെ.പി. ഇന്നലെ നടത്തിയപത്രസമ്മേളനത്തിലാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവും പ്രതിരോധ മന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്‍ രാഹുലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

‘കോടതി ഉത്തരവിന്റെ പകുതി പോലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വായിച്ചിട്ടില്ല, പക്ഷെ ഇവിടെ, കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് കോടതി പറഞ്ഞു എന്നുള്ളത് രാഹുല്‍ പറയുന്നത് കോടതിയലക്ഷ്യമാണ്. ‘നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പല വര്‍ഷങ്ങളിലായി അധികാരത്തില്‍ തുടരുന്ന ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിയത് അദ്ദേഹത്തിന്റെ നിരാശമൂലമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കോടതിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ അവരുടെ മാന്യത കൈവിട്ടെന്നും റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അദ്ദേഹം വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ ഉന്നയിച്ചു.

രാഹുല്‍ഗാന്ധി ഇപ്പോഴും തടവില്‍ കഴിയുകയാണെന്നും അതിനാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അദ്ദേഹം കുടുംബത്തിനൊപ്പം വന്നതെന്നുമുള്ള ആരോപണവും നിര്‍മ്മലാ സീതാറാം ഉന്നയിച്ചു.

എന്നാല്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു പത്രം’ പുറത്തുവിട്ട സുപ്രധാന രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചിരുന്നു.

ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഈ എതിര്‍പ്പ് കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

‘ദ ഹിന്ദു’ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. റാഫേല്‍ ഇടപാടില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നത്.

We use cookies to give you the best possible experience. Learn more