| Thursday, 4th April 2019, 6:25 pm

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; 'നക്‌സല്‍ ദിനങ്ങള്‍' പുസ്തകം കൈയ്യില്‍ വെച്ച എസ്.എഫ്.ഐ പ്രവര്‍ത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തു

അശ്വിന്‍ രാജ്

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥക്കിടെ കോളെജ് വിദ്യാര്‍ത്ഥിനി പൊലീസ് കസ്റ്റഡിയില്‍. വയനാട് കല്‍പ്പറ്റ എന്‍.എം.എസ്.എം കോളെജിലെ ഒന്നാം വര്‍ഷ മാധ്യമ വിദ്യാര്‍ത്ഥിനി ഷബാന ജാസ്മിനെയാണ് കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആര്‍.കെ ബിജുരാജിന്റെ നക്സല്‍ ദിനങ്ങള്‍ എന്ന പുസ്തകം കൈവശം വെച്ചതിനാണ് ഷബാനയെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് വിശദീകരണം. ഡി.സി ബുക്ക്‌സ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകം കേരളത്തിലെ നക്‌സല്‍ ചരിത്രം പറയുന്നതാണ്.

സുഹൃത്തിനെ കാണുന്നതിനായി കല്‍പ്പറ്റയില്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ ഷബാനയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെരിഫിക്കേഷന് വേണ്ടി കൊണ്ടുപോകുയാണെന്നായിരുന്നു ഷബാനയോട് പൊലീസ് പറഞ്ഞത്.

Also Read  സംഘപരിവാര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ തൃശൂര്‍ ലോ കോളജിലെ മാഗസിന് സെന്‍സര്‍ഷിപ്പ്: ആര്‍.എസ്.എസ്, ഹിന്ദുത്വ തുടങ്ങിയ വാക്കുകള്‍ വെട്ടിമാറ്റി

രാവിലെ 10.30 കസ്റ്റഡിയില്‍ എടുത്ത ഷബാനയെ പിന്നീട് രണ്ടുപേരുടെ ജാമ്യത്തിലാണ് വിട്ടയച്ചതെന്ന് ഷബാന ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ” കോളെജില്‍ പി.ജിക്ക് പഠിക്കുന്ന സുഹൃത്തിനെ കാണുന്നതിനായി കല്‍പറ്റയിലേക്ക് പോകുകയായിരുന്നു ഞാന്‍. ആദ്യം ഓട്ടോറിക്ഷയില്‍ കയറിയെങ്കിലും തിരക്ക് കാരണം നടന്നുപോകുകയായിരുന്നു. ഇതിനിടെ നടന്നുപോകുന്നവരെ വെരിഫൈ ചെയ്യണം എന്നു പറഞ്ഞ് പൊലീസ് വണ്ടിയില്‍ കയറ്റി. പിന്നീട് ആ വണ്ടി നിര്‍ത്തിയത് പൊലീസ് സ്റ്റേഷനിലാണ്”” ഷബാന ഡുള്‍ന്യൂസിനോട് പറഞ്ഞു.

ആര്‍.കെ ബിജുരാജിന്‍റെ നക്സല്‍ ദിനങ്ങള്‍ പുറംചട്ട

ആദ്യം അഡ്രസ് മാത്രം മതിയെന്നു പറഞ്ഞ പൊലീസ് പിന്നീട് പുസ്തകത്തിന്റെ പേര് പറഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാവിലെ 10.30 ന് ആണ് അവര്‍ കസ്റ്റഡിയില്‍ എടുത്തത്. കോളെജില്‍ പഠിക്കാനും വായിക്കാനും ഒക്കെയാണ് പുസ്തകങ്ങള്‍ എടുക്കുന്നത്. അത് വലിയ കുറ്റകൃത്യമായാല്‍ എങ്ങിനെയാണ്. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ മൂന്ന് മണിക്കാണ് പുറത്തുവിട്ടത്. എന്നും ഷബാന ഡൂള്‍ന്യുസിനോട് പറഞ്ഞു.

ഞാന്‍ ഇത് വരെ ഒരു നക്‌സൈല്‍ അനുഭാവ പരിപാടികളിലും പങ്കെടുത്തിട്ടില്ല. വയനാട് എന്‍.എം.എസ്.എം കോളേജില്‍ എസ്.എഫ്.ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഒരു തരത്തിലും നക്‌സല്‍ അനുഭാവം ഉള്ളയാളല്ലെന്നും ഷബാന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഷബാന ജാസ്മിന്‍ (ഫേസ്ബുക്ക് ചിത്രം)

Also Read  സ്ഥാനാര്‍ഥികളില്ലാതെ ആര്‍.എം.പി.ഐ; നിലപാട് വ്യക്തമാക്കിയതു വടകരയില്‍ മാത്രം: കഴിഞ്ഞതവണ മത്സരിച്ചത് ഏഴു മണ്ഡലങ്ങളില്‍

ഷബാനയുടെ കസ്റ്റഡിയുമായി കല്‍പ്പറ്റ പൊലീസിനെ ഡൂള്‍ന്യൂസ് ബന്ധപ്പെട്ടിരുന്നു. ആദ്യം ഫോണ്‍ എടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ ഷാബാനയുടെ കൈയ്യില്‍ നിന്ന് ലഘു ലേഖ പിടികൂടിയെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍ തുടര്‍ന്ന് ഫോണില്‍ സംസാരിച്ച ഉദ്യോഗസ്ഥന്‍. ആദ്യം പൊലീസിന്റെ മീഡിയ സെല്ലില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കാന്‍ അവശയപ്പെട്ടു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ക്രമീകരണവുമായി ബന്ധപ്പെട്ടാണ് ഷബാനയെ കസ്റ്റഡിയില്‍ എടുത്തതെന്നും ഷബാനയ്ക്ക് ലെഫ്റ്റ് എക്‌സ്ട്രീം സംഘടനകളുമായി ബന്ധമുണ്ടെന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

ഈ അടുത്ത സംഭവ വികാസങ്ങളില്‍ അതായത് പൊതുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. അതുമായി സംശയം തോന്നിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും രാഹുലിന്റെ സന്ദര്‍ശനം കഴിഞ്ഞയുടനെ പെണ്‍കുട്ടിയെ വിട്ടയച്ചുമെന്നും കല്‍പ്പറ്റ പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more