| Sunday, 29th April 2018, 10:33 am

രാഹുല്‍ഗാന്ധി 15 മിനുട്ട് നേരം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പോലും കേട്ടിരിക്കില്ല, പിന്നെയല്ലേ മോദി; മോദിക്കെതിരായ പ്രസ്താവനയില്‍ മറുപടിയുമായി നിതിന്‍ ഗഡ്ഗരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. 15 മിനുട്ട് നേരം താന്‍ സംസാരിക്കുന്നത് കേട്ട് നില്‍ക്കാന്‍ മോദിക്കാവില്ലെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കാണ് നിതിന്‍ ഗഡ്ഗരി മറുപടി നല്‍കിയത്.

രാഹുല്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് പോലും താത്പര്യമില്ലെന്നും ഇത്തരം പറച്ചിലുകളെല്ലാം പകത്വയില്ലായ്മ കൊണ്ടാണെന്നുമായിരുന്നു നിതിന്‍ ഗഡ്ഗരിയുടെ പ്രതികരണം.

“”എന്തിന് 15 മിനുട്ട് മാത്രം സംസാരിക്കണം. 15 മണിക്കൂറ് വേണമെങ്കിലും സംസാരിച്ചോളൂ. ആരും നിങ്ങളുടെ സംസാരം കേള്‍ക്കാന്‍ വരില്ല. രാഹുല്‍ ഗാന്ധിയുടെ 15 മിനുട്ടില്‍ കൂടുതലുള്ള പ്രസംഗം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് പോലും കേള്‍ക്കാന്‍ താത്പര്യമില്ല. പിന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി””- നിതിന്‍ ഗഡ്ഗരി പറഞ്ഞു. ആജ് തക് ഫ്‌ളാഗ്ഷിപ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്ക് പകരക്കാരനായി രാഹുല്‍ ഗാന്ധി എത്തുമോ എന്ന ചോദ്യത്തിന് ആദ്യം പ്രതിപക്ഷപാര്‍ട്ടികളെല്ലാം രാഹുല്‍ ഗാന്ധിയെ അംഗീകരിക്കട്ടെയെന്നും അവര്‍ അതിന് തയ്യാറായാല്‍ നിങ്ങള്‍ ഈ ചോദ്യം ഞങ്ങളോട് ചോദിക്കൂ എന്നുമായിരുന്നു ഗഡ്ഗരിയുടെ പ്രതികരണം. അവര്‍ പ്രതികരിക്കാത്ത പക്ഷം ഈ കാര്യത്തില്‍ ഞങ്ങള്‍ എന്തിന് നിലപാട് അറിയിക്കണം എന്നും ഗഡ്ഗരി ചോദിച്ചു.

50 വര്‍ഷം കൂടി ബി.ജെ.പി തന്നെ ഇന്ത്യയെ നയിക്കുമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് വളര്‍ച്ചാ നിരക്ക് കുതിച്ചാലും പരിഷ്‌കാരങ്ങള്‍ നടപ്പിലായാലും ഇന്ത്യ മാറും എന്നായിരുന്നു ഗഡ്ഗരി മറുപടി നല്‍കിയത്. ഓരോ മേഖലയിലും വികസനങ്ങള്‍ വരുന്നതോടെ തങ്ങളുടെ ഭാവി മാറ്റാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് ജനങ്ങള്‍ തിരിച്ചറിയും.

വേഗതയാര്‍ന്ന പ്രവര്‍ത്തനമാണ് മോദി സര്‍ക്കാര്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളിലും മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങി. 4 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ 1.5 കോടി മുതല്‍ 1.75 കോടി തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നുമായിരുന്നു ഗഡ്ഗരിയുടെ അവകാശവാദം.

We use cookies to give you the best possible experience. Learn more