ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കുറച്ചു നാളുകളായി ട്വിറ്ററില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്.
കഴിഞ്ഞ ദിവസം ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗുമായുള്ള സംഭാഷണത്തിനിടെ രാഹുല്‍ താന്‍ ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ രാഹുല്‍ ഐകിഡോയില്‍ പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യസ്പന്ദനയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നേരത്തെ യുവാക്കള്‍ക്ക് പ്രചോദനമാകുമെങ്കില്‍ തന്റെ വ്യായാമുറകളുടെ ദൃശ്യങ്ങള്‍ പങ്കുവെക്കാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
“ഞാന്‍ ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റാണ്. കായികാഭ്യാസത്തിനായി എല്ലാ ദിവസവും ഞാന്‍ ഒരു മണിക്കൂര്‍ മാറ്റിവെക്കാറുണ്ട്.”
എന്നാല്‍ രാഹുല്‍ ബ്ലാക്ക് ബെല്‍റ്റാണെന്നു പറഞ്ഞത് വ്യാജമാണെന്നും ഐകിഡോ പരിശീലിച്ചിട്ടുണ്ടെന്ന് പറയുന്നത് കള്ളമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. അതിനുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ജാപ്പനീസ് യുദ്ധമുറയാണ് ഐകിഡോ. എതിരാളിയുടെ ആക്രമണത്തെ തിരിഞ്ഞും കറങ്ങിയും ദിശ തിരിച്ചുവിട്ട് നേരിടുന്ന മുറയാണ് മൊറിഹെയ് ഉയേഷിബ എന്ന ജപ്പാന്‍കാരന്‍ കണ്ടുപിടിച്ച ഐകിഡോ.