രാഷ്ട്രീയ പ്രവര്‍ത്തനം കുട്ടിക്കളിയല്ല; രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം ഇന്ത്യയില്‍ വിലപ്പോവില്ല: എസ്.എം കൃഷ്ണ
Daily News
രാഷ്ട്രീയ പ്രവര്‍ത്തനം കുട്ടിക്കളിയല്ല; രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം ഇന്ത്യയില്‍ വിലപ്പോവില്ല: എസ്.എം കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2017, 7:16 pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എസ്.എം കൃഷ്ണ. രാഹുലിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ വിലപ്പോവില്ലെന്ന് കൃഷ്ണ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Also read മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-സിപി.ഐ.എം- ശിവസേന സഖ്യം; ബി.ജെ.പിക്കെതിരായ സഖ്യം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു


“രാഹുലിന്റെ കാര്യശേഷി ഇല്ലായ്മയാണ് പാര്‍ട്ടി നിലവില്‍ നേരിടുന്ന അപചയത്തിന് കാരണം. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് കുട്ടിക്കളിയോ ഒഴിവു നേരത്തെ ജോലിയോ അല്ല. അത് വളരെ ഗൗരവപ്പെട്ട കാര്യമാണ്.” അദേഹം പറഞ്ഞു.

46 വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചായിരുന്നു എസ്.എം കൃഷ്ണ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശമങ്ങള്‍ ഉന്നയിച്ച കൃഷ്ണ കഴിഞ്ഞ ജനുവരിയില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയിരുന്നു.

പാര്‍ട്ടി രാഹുലിന്റെ നേതൃത്വത്തിലായതാണ് പരാജയ കാരണമെന്ന് പറഞ്ഞ കൃഷ്ണ സോണിയയുടെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ തന്നെപ്പോലുള്ള നേതാക്കള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് തടസങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.

“മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. കാര്യക്ഷമതയ്ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാത്ത നാടുവാഴിത്ത മനോഭാവമാണ് പാര്‍ട്ടിയ്ക്ക്. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുടെ അവസ്ഥ ഇതാണ്.” കൃഷ്ണ പറഞ്ഞു.