| Monday, 20th November 2017, 8:13 am

രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ബി.ജെ.പിക്ക് അനുഗ്രഹമാണെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണം പരോക്ഷമായി ബി.ജെ.പിക്ക് അനുഗ്രഹമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഓരോരുത്തരും എവിടെയാണ് നില്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് വിലയിരുത്താനുള്ള അവസരമാണ് രാഹുല്‍ഗാന്ധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“പ്രധാനമന്ത്രി പദം കാത്തിരിക്കുകയാണെന്ന് അവകാശപ്പെടുന്ന വ്യക്തി ആളുകള്‍ക്കു മുമ്പില്‍ സ്വയം തുറന്നുകാട്ടുമ്പോള്‍ ഇയാളുടെ കൈകളില്‍ തങ്ങള്‍ എത്രത്തോളം സുരക്ഷിതരമാണ് എന്ന് ജനങ്ങള്‍ക്ക് വിലയിരുത്താനാവും.” അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ ഒമ്പതിനും പതിനാലിനുമായി നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഗുജറാത്തില്‍ ശക്തമായ പ്രചരണത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം ഗുജറാത്തിലെ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി മൃദു ഹിന്ദു കാര്‍ഡ് ഇറക്കുകയാണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്.


Also Read:  നാടുകാണിചുരത്തിലെ മഖാം ജാറം പൊളിച്ച സംഭവം; മുഖ്യ പ്രതിയായ വിസ്ഡം പ്രവര്‍ത്തകന്‍ അറസ്റ്റില്‍


രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റായി അവരോധിക്കാനുള്ള നീക്കത്തേയും അദ്ദേഹം പരിഹസിച്ചു. രാഹുലിനെ ഓരോ ഉയര്‍ച്ചയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പരാജയവുമായി നേരിട്ടു ബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

“2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയില്‍ നിന്നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇപ്പോള്‍ അവര്‍ ഗുജറാത്തില്‍ തോല്‍ക്കാന്‍ കാത്തിരിക്കുകയാണ്. ശേഷം അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്താന്‍.” ജിതേന്ദ്ര സിങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more