മോദി വിശ്വാസം നേടി, രാഹുല്‍ ആത്മവിശ്വാസവും; ദേശീയ മാധ്യമ തലക്കെട്ടുകളിലൂടെ..
non confidence motion
മോദി വിശ്വാസം നേടി, രാഹുല്‍ ആത്മവിശ്വാസവും; ദേശീയ മാധ്യമ തലക്കെട്ടുകളിലൂടെ..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2018, 1:09 pm

ന്യൂദല്‍ഹി: 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ശേഷമാണ് നാലുവര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി സര്‍ക്കാര്‍ മറികടന്നത്.

മുക്കാല്‍ മണിക്കൂര്‍ നീണ്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും ഒടുവില്‍ മോദിക്ക് സമീപം ചെന്നുള്ള കെട്ടിപ്പിടുത്തതിനും സഭ ഇന്നലെ സാക്ഷ്യം വഹിച്ചു.

മോദിയുടെ പ്രസംഗം ദുര്‍ബലമെന്ന് രാഹുല്‍; പഴയ കസര്‍ത്ത് തന്നെയെന്ന് സോണിയയും

തുടക്കം മുതലേ പ്രധാനമന്ത്രിയെ ആക്രമിച്ചുസംസാരിച്ച രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ മോദിക്ക് സമീപം ചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തത് യഥാര്‍ത്ഥത്തില്‍ സഭയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഭരണപക്ഷം പോലും കയ്യടിച്ചാണ് രാഹുലിന്റെ ഈ നടപടിയെ സ്വീകരിച്ചത്. പിന്നാലെ സോഷ്യല്‍മീഡിയയും രാഹുലിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. എന്നാല്‍ ഇതിന് പിന്നാലെ രാഹുലിന്റെ നടപടിയെ വിമര്‍ശിച്ച് മോദിയും ബി.ജെ.പിയും രംഗത്തെത്തി.

ദേശീയ മാധ്യമങ്ങളുടെയെല്ലാം പ്രധാന തലക്കെട്ടും രാഹുലിന്റെ കെട്ടിപ്പിടുത്തവുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു. രാഹുല്‍ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം എല്ലാ ദേശീയ മാധ്യമങ്ങളുടേയും ആദ്യ പേജില്‍ തന്നെ ഇടംപിടിച്ചു.

സഭയെ പ്രകമ്പനം കൊള്ളിച്ച് രാഹുല്‍ എന്ന രീതിയില്‍ തന്നെയായിരുന്നു മിക്ക പത്രങ്ങളുടേയും തലക്കെട്ട്. “”. “Rahul Creates Flutter, Modi Has Last Word,” എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട്.

പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം ബി.ജെ.പി നേടിയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള നാടകങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. പലരും ബി.ജെ.പിയെ കൈവിട്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

സഖാവ് പിണറായി വിജയന്‍ സാറേ, എന്നെയൊന്ന് കൊന്നുതരാമോ?” പുതിയ വീഡിയോയുമായി കൃഷ്ണകുമാരന്‍ നായര്‍

“Opposition loses hug of war” എന്നായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലക്കെട്ട്. മോദിയുടേയും രാഹുലിന്റേയും പ്രസംഗത്തിന് തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ടായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസിന്റേത്.

കെട്ടിപ്പിടുത്തം യാദൃശ്ചികമായിരുന്നെന്ന് കോണ്‍ഗ്രസ് പറയുന്നതും നാടകമാണെന്ന ബി.ജെ.പി വാദവും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിനായി ഇരു പാര്‍ട്ടികളും അവരവരെ ഉയര്‍ത്തിക്കാണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“PM wins test, hits out at critics”” എന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ തലക്കെട്ട്. രാഹുലിന്റെ എല്ലാ വിമര്‍ശനത്തിനും മോദി മറുപടി നല്‍കിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുലിന്റെ കെട്ടിപ്പിടുത്തത്തിന്റ ചിത്രം തന്നെയായിരുന്നു അവരും നല്‍കിയത്.

അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണത്തിനും പ്രധാനമന്ത്രിയുടെ മറുപടിക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയത്.

“Hurricane Huggie” എന്നായിരുന്നു ദ ടെലഗ്രാഫിന്റെ തലക്കെട്ട്. 56 ഇഞ്ച് നെഞ്ചിനെ തകര്‍ത്തുകളയുന്ന കെട്ടിപ്പിടുത്തമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ രാഹുലിന്റെ കെട്ടിപ്പിടുത്തം കൊടുങ്കാറ്റായെന്ന് വ്യക്തമാക്കുന്നു.

ബി.ജെ.പി കരയുന്ന കുട്ടിയാവാതെ ഹഗ്ഗി ബേബി ആകൂ എന്ന് പറഞ്ഞ് ഡയപ്പര്‍ അണിഞ്ഞുനില്‍ക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം കൂടി ആദ്യപേജില്‍ ടെലഗ്രാഫ് നല്‍കിയിട്ടുണ്ട്.

വിശ്വാസവും ആത്മവിശ്വാസവും എന്ന വാക്കായിരുന്നു ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തലക്കെട്ടില്‍ ഉപയോഗിച്ചത്. “Modi gains trust, Rahul confidence.” എന്നായിരുന്നു അവരുടെ തലക്കെട്ട്.

പ്രതീക്ഷിച്ചതിലും വോട്ട് നേടി ബി.ജെ.പി അവിശ്വാസ പ്രമേയത്തെ അതിജീവിച്ചെന്നും രാഹുലിന്റെ ഓരോ ആരോപണത്തിനും മോദി കൃത്യതയോടെ മറുപടി നല്‍കിയെന്നുമായിരുന്നു ദൈനിക് ജാഗ്രണിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.