ന്യൂദല്‍ഹി: കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്രനീക്കത്തെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസില്‍ വെച്ച് നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് രാഹുലിന്റെ പരിഹാസം. പ്രധാനമന്ത്രി ഓഹരി വിപണിക്കേറ്റ ആഘാതത്തെ മറികടക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതു തന്നെയെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
‘വേദി+ 1.4 ലക്ഷം കോടി രൂപ. ലോകത്തേറ്റവും ചെലവേറിയ പരിപാടിയാണ് ഹൂസ്റ്റണില്‍ വെച്ച് നടക്കാന്‍ പോകുന്നത്. പക്ഷേ ഒരു പരിപാടിക്കും ‘ഹൗഡി മോദി’ രാജ്യത്തെ കൊണ്ടെത്തിച്ച സാമ്പത്തികത്തകര്‍ച്ചയെ മറയ്ക്കാനാകില്ല.’- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അതോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും നികുതി വെട്ടിക്കുറക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ‘നിങ്ങള്‍ അവതരിപ്പിച്ച ബജറ്റിലാണ് കോര്‍പ്പറേറ്റ് നികുതി 30 ശതമാനം ആയി ഉയര്‍ത്തിയത്. ഇന്ന് ധനകാര്യമന്ത്രി ഇക്കാര്യത്തില്‍ യൂ ടേണ്‍ എടുക്കുന്നു. നിങ്ങള്‍ നിങ്ങളുടെ തന്നെ പുറത്തു തട്ടി അഭിനന്ദിക്കുകയും ചരിത്രപരമായ നീക്കമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
യഥാര്‍ഥത്തില്‍ നിങ്ങളെടുത്ത ചരിത്രപരമായ തീരുമാനമെന്തെന്നാല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്തെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതാണ്.’- കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു .
ഇതിനിടെ ബി.ജെ.പി നേതാവ് കപില്‍ മിശ്ര രാഹുല്‍ ഗാന്ധിക്കെതിരെ തിരിച്ചടിച്ചു. രാജ്യം എപ്പോഴൊക്കെ സന്തോഷത്തോടെയിരിക്കുന്നോ അപ്പോഴൊക്കെ ഇദ്ദേഹം കരയുമെന്നായിരുന്നു മിശ്രയയുടെ ട്വീറ്റ്.
എല്ലാ ചാര്‍ജുമുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് നികുതി 35 ശതമാനത്തില്‍ നിന്നും 25.2 ശതമാനമായി വെട്ടിക്കുറയ്ക്കുമെന്നാണ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ഗോവയില്‍ നടന്ന പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ നടപടിയെ രാജ്യത്തെ ചരിത്രപരമായ നീക്കമെന്നാണ് മോദി ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഇത് ഉത്തേജിപ്പിക്കുമെന്നും രാജ്യത്തു സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നും ഇത് സ്വകാര്യ മേഖലയുടെ മത്സരക്ഷമത വര്‍ധിപ്പിച്ച് 130 കോടി ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിതുറക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
സെപ്തംബര്‍ 22-ന് നടക്കുന്ന ഹൗഡി മോദി പരിപാടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായ് മോദി കൂടിക്കാഴ്ച നടത്തും.