Advertisement
Parliament session
ജെ.എന്‍.യു വിഷയം കത്തിനില്‍ക്കെ രാഹുല്‍ വിദേശയാത്രയില്‍; ചോദ്യം ലിസ്റ്റ് ചെയ്തിട്ടും ലോക്‌സഭയില്‍ ഹാജരായില്ല; ഉന്നയിക്കാനിരുന്നത് ഈ ചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 19, 12:45 pm
Tuesday, 19th November 2019, 6:15 pm

ന്യൂദല്‍ഹി: രാജ്യത്ത് ജെ.എന്‍.യു വിദ്യാര്‍ഥി സമരം കത്തിനില്‍ക്കേ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. തിങ്കളാഴ്ച തുടങ്ങിയ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് രാഹുല്‍ എത്താതിരുന്നതിനെപ്പറ്റി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പരാമര്‍ശിച്ചത്.

‘അദ്ദേഹത്തിന്റെ ചോദ്യം ചോദ്യോത്തരവേളയില്‍ ലിസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം ഇവിടെയെത്തിയിരുന്നെങ്കില്‍ എനിക്ക് അവസരം നല്‍കണമെന്നുണ്ടായിരുന്നു.’- കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷ് സംസാരിക്കാന്‍ എഴുന്നേല്‍ക്കവെ സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ രാഹുല്‍ ചോദിക്കാനായി വെച്ചിരുന്ന ചോദ്യം ജെ.എന്‍.യുവായിരുന്നില്ല. തന്റെ മണ്ഡലം ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ ഗ്രാമീണ മേഖലകളിലെ റോഡ് വികസനത്തിനായി പ്രധാനമന്ത്രി ഗ്രാം സദക് യോജന ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റിയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാഹുല്‍ വിദേശയാത്രയിലാണെന്നാണ് കോണ്‍ഗ്രസ് അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. രാഹുലിന്റെ മുന്‍ വിദേശയാത്രകളെ ബി.ജെ.പി ഏറെ പരിഹസിച്ചിരുന്നു. രാഹുലിന്റെ വിദേശയാത്രകളുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് പരസ്യപ്പെടുത്തണമെന്നാണ് എല്ലാക്കാലവും ബി.ജെ.പി ഉന്നയിക്കുന്ന ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു വിഷയം ചൊവ്വാഴ്ച സഭയില്‍ ഉയര്‍ത്തിയവരില്‍ കോണ്‍ഗ്രസില്ല എന്നതും ശ്രദ്ധേയമാണ്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടത് ആര്‍.എസ്.പിയും മുസ്‌ലിം ലീഗും തൃണമൂല്‍ കോണ്‍ഗ്രസുമാണ്. രാജ്യസഭയിലാകട്ടെ, സി.പി.ഐ അംഗം ബിനോയ് വിശ്വവും.