| Monday, 8th June 2020, 1:24 pm

'ഇതൊക്കെ നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ പറയാം'; അമിത് ഷായോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിര്‍ത്തി സംരക്ഷിക്കുന്നതിനായി കേന്ദ്രം നയപരമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അതിര്‍ത്തിയില്‍ നടക്കുന്നതൊക്കെ എല്ലാവര്‍ക്കുമറിയാമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

‘അതിര്‍ത്തിയിലെന്താണ് നടക്കുന്നതെന്നൊക്കെ എല്ലാവര്‍ക്കുമറിയാം. മനസ്സിനെ സന്തോഷിപ്പിക്കാന്‍ വേണമെങ്കില്‍ ഷാ ഈ ആശയം പ്രകടിപ്പിക്കുന്നത് നല്ലതായിരിക്കും,’ രാഹുല്‍ പ്രതികരിച്ചു.

ഇന്ത്യയുടെ അതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ബീഹാറിലെ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചിരുന്നു.

‘ ഇന്ത്യയുടെ പ്രതിരോധ നയം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയ്ക്കും ഇസ്രഈലിനും ശേഷം വേണ്ടവിധം അതിര്‍ത്തി സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യയാണെന്നും ലോകം അംഗീകരിക്കുന്നു,’ ഷാ റാലിയില്‍ പറഞ്ഞു.

ഇന്ത്യയുടെ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ കടക്കുന്ന ഓരു സമയമുണ്ടായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

‘രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് ഏതു സമയവും ആര്‍ക്കും കയറിവരാവുന്ന ഒരു സമയം നിലനിന്നിരുന്നു. സൈനികരെ കൊന്നൊടുക്കുകയും എന്നാല്‍ ദല്‍ഹിയുടെ ആസ്ഥാനം മാത്രം ഒന്നും സംഭവിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു സമയം. എന്നാല്‍ ഉറിയും പുല്‍വാമയും നടക്കുന്നത് ഞങ്ങളുടെ സമയത്താണ്. അന്ന് മോദിയും ബി.ജെ.പി സര്‍ക്കാരുമായിരുന്നു. ഞങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കും എയര്‍ സ്‌ട്രൈക്കും നടത്തി,’ അമിത് ഷാ പറഞ്ഞു.

അതേസമയം മെയ് ആദ്യവാരം മുതല്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ രൂക്ഷമായി തുടര്‍ന്നുവരുന്ന പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

അതിര്‍ത്തിയില്‍ ചൈന വിന്യസിച്ച സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുമെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more