രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ അവസാന അധ്യായം എഴുതുകയാണെന്ന് ബി.ജെ.പി
Daily News
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ അവസാന അധ്യായം എഴുതുകയാണെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th December 2016, 8:35 pm

rahul-naqvi


പരാജയപ്പെട്ടതും കാലഹരണപ്പെട്ടതുമായ തിരക്കഥ വഴി കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ അവസാന അദ്ധ്യായം എഴുതുന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുകയാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. 


ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ അവസാന അധ്യായം എഴുതിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.

പരാജയപ്പെട്ടതും കാലഹരണപ്പെട്ടതുമായ തിരക്കഥ വഴി കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ അവസാന അദ്ധ്യായം എഴുതുന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുകയാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ ഒരു വസ്തുതയും യുക്തിയുമില്ല. അസത്യ പ്രചാരത്തിലൂടെ കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണ്. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും ഓര്‍മിക്കണമെന്നും നഖ്‌വി ചൂണ്ടിക്കാട്ടി.

അടുത്തു നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വിജയങ്ങളെയും കോണ്‍ഗ്രസിനേറ്റ തിരിച്ചടികളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യ കോണ്‍ഗ്രസ് മുക്ത ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പുതുതലമുറ നേതാവിന്റെ രാഷ്ട്രീയ നാടകങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.


ആഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി ഇടപാടില്‍ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 120 കോടി നല്‍കിയതായി പുറത്തു വന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെയാണ് ഉന്നം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് അഴിമതി പുറത്തുവരാതിരിക്കാനാണെന്നും രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.


മോദി അഴിമതി നടത്തിയതിന്റെ കൃതമായ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. താന്‍ സഭയില്‍ സംസാരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി ഒരുപോലെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ എനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തത്. തന്റെ കൈവശമുള്ളവിവരങ്ങള്‍ ലോക്‌സഭയില്‍ വിശദീകരിക്കാന്‍ തയ്യാറാണ്. അതിന് തനിക്ക് അവസരം വേണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.