ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
national news
ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 1:20 pm

ന്യൂദല്‍ഹി: കൊവിഡ് രോഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി രാഹുല്‍ പറഞ്ഞു.

‘ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണം. നിലവില്‍ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന്റെ ക്ഷാമം നേരിടുന്നുണ്ട്. അതൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം,’ രാഹുല്‍ പറഞ്ഞു.

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ വിവിധ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞത് 40 കോടി പേര്‍ക്കെങ്കിലും വാക്സിന്‍ ലഭിച്ചിരിക്കണമെന്നും ഐ.എം.എ പറഞ്ഞു.

അതേസമയം കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റിയെന്നും മോദി പറഞ്ഞു. രാജ്യം നേരിട്ടതില്‍വെച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഒരിക്കല്‍ കൂടി രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമാകില്ലെന്നും ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,31,968 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 1.3 കോടിയായി.

ആദ്യഘട്ടത്തെ അപേക്ഷിച്ച് കുത്തനെയുള്ള കുതിപ്പാണ് കൊവിഡിന്റെ രണ്ടാം ഘട്ടത്തില്‍ രാജ്യത്ത് കാണുന്നത്. പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് 19 കേസുകള്‍ വെറും രണ്ട് മാസത്തിനുള്ളില്‍ 13 മടങ്ങായാണ് ഉയര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Rahul Gandhi Writes To PM Modi To Give Vaccine Everyone