| Saturday, 20th November 2021, 8:29 am

അധികാരം സേവനത്തിനുള്ള വഴി മാത്രമാണെന്ന് പ്രധാനമന്ത്രി മറക്കരുത്; കര്‍ഷക സമരത്തിന്റെ വിജയത്തിന് പിന്നാലെ തുറന്ന കത്തെഴുതി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ വിജയത്തെ അഭിനന്ദിച്ച് തുറന്ന കത്തെഴുതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ ഭാവി സമരങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും രാഹുല്‍ വാഗ്ദാനം ചെയ്തു. ഹിന്ദിയിലാണ് കത്ത് എഴുതിയിരിക്കുന്നത്.

കര്‍ഷകരുടെ സമരം അവസാനിച്ചിട്ടില്ലെന്ന് എടുത്ത് പറഞ്ഞ രാഹുല്‍, കുത്തകകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് കര്‍ഷകരെ അവരുടെ സ്വന്തം മണ്ണില്‍ അടിമകളാക്കുന്ന നടപടികളിലേയ്ക്ക് നീങ്ങാന്‍ ഇനി നരേന്ദ്ര മോദി ധൈര്യപ്പെടരുതെന്നും പറഞ്ഞു.

”വാഗ്ദാനം ചെയ്തത് പോലെ 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രി ഉറപ്പ് വരുത്തണം. അധികാരം സേവനത്തിനുള്ള വഴി മാത്രമാണെന്ന് പ്രധാനമന്ത്രി മറക്കരുത്,” രാഹുല്‍ കത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തണുപ്പും ചൂടും മഴയും മറ്റ് തടസങ്ങളുമെല്ലാം അവഗണിച്ച് കര്‍ഷകര്‍ നടത്തിയ സത്യാഗ്രഹസമരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

”ഈ സമരത്തില്‍ 700ലധികം കര്‍ഷകരും തൊഴിലാളികളും നടത്തിയ ജീവത്യാഗത്തെ ഞാന്‍ വണങ്ങുന്നു. ഏകാധിപത്യ നേതാവിന്റെ അഹങ്കാരത്തിനെതിരെ ഗാന്ധിയന്‍ രീതിയില്‍ അവര്‍ നടത്തിയ പോരാട്ടമാണ് പ്രധാനമന്ത്രിയെ തന്റെ തീരുമാനം പിന്‍വലിക്കുന്നതിലേക്കെത്തിച്ചത്,” അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ ഈ സമരത്തിലുണ്ടായത് പോലെ വരാനിരിക്കുന്ന സമരങ്ങളിലും താനും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ഷകര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും രാഹുല്‍ കത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

വെള്ളിയാഴ്ച ഗുരു നാനാക്ക് ജയന്തി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rahul Gandhi writes an open letter to farmers following the withdrawal of farm laws

We use cookies to give you the best possible experience. Learn more