| Saturday, 21st July 2018, 6:56 pm

പ്രധാനമന്ത്രി ജയിച്ചിരിക്കാം, എന്നാല്‍ ഹൃദയം കവര്‍ന്നത് ക്രൊയേഷ്യയെപ്പോലെ രാഹുലാണ്: ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെയും ഫിഫ ലോകകപ്പ് മത്സരങ്ങളെയും താരതമ്യപ്പെടുത്തിക്കൊണ്ട് ശിവസേനയുടെ പ്രസ്താവന. ഫ്രാന്‍സിനെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയം നേടിയിരിക്കാം, എന്നാല്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്നത് ക്രൊയേഷ്യയെപ്പോലെ രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു ശിവസേന നേതൃത്വത്തിന്റെ പരാമര്‍ശം.

“ലോകകപ്പ് ഫൈനല്‍ ജയിച്ചത് ഫ്രാന്‍സാണ്. എന്നാല്‍, കളിക്കളത്തിലെ കഴിവിനാല്‍ ഓര്‍മ്മിക്കപ്പെടുന്നത് ക്രൊയേഷ്യയും. ഇതുപോലെയാണ് ഇന്ന് രാഹുലിനെപ്പറ്റി രാജ്യം സംസാരിക്കുന്നത്. ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുമ്പോഴാണ് അദ്ദേഹം നാലഞ്ചു പടി മുന്നോട്ടു വരുന്നത്.” ശിവ സേന വക്താവ് സഞ്ജയ് റൗട്ട് പറയുന്നു.

വലിയ ചര്‍ച്ചയായ രാഹുല്‍ ഗാന്ധിയുടെ ആലിംഗനത്തെക്കുറിച്ചും റൗട്ട് പ്രതികരിച്ചു. അത്തരം ചേഷ്ടകള്‍ ശ്രദ്ധനേടാന്‍ വേണ്ടിയുള്ളതാണെന്നും മോദിക്ക് ഞെട്ടലുണ്ടാക്കാന്‍ രാഹുലിനായിട്ടുണ്ടെങ്കില്‍ അദ്ദേഹം വിജയിച്ചുവെന്നു വേണം കരുതാനെന്നും റൗട്ട് കൂട്ടിച്ചേര്‍ത്തു.


Also Read: മോദി ഹിറ്റ്‌ലറേക്കാളും വലിയ ചക്രവര്‍ത്തി, അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 150 സീറ്റിലേക്ക് കൂപ്പുകുത്തും: മമതാ ബാനര്‍ജി


ഇന്നലത്തെ ചര്‍ച്ചയില്‍ പുതിയൊരു രൂപത്തിലെത്തിയ രാഹുലിനെ അഭിനന്ദിക്കേണ്ടതുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി റാഫേല്‍ വിമാനക്കരാര്‍ വരെയുള്ള വിഷയങ്ങളില്‍ മോദിയെ ആക്രമിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമാണ്, അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. എന്നാല്‍ രാഹുലിന്റെ പ്രസംഗവും അത്രതന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടങ്കില്‍ അത് അദ്ദേഹത്തിന്റെ വിജയമാണെന്നും റൗട്ട് പറയുന്നു.

ലോക്‌സഭയില്‍ എന്‍.ഡി.എയ്ക്ക് അനായാസ ഭൂരിപക്ഷമുണ്ടെന്നും അവിശ്വാസപ്രമേയം പരാജയപ്പെട്ടത് അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ” അധികാരത്തിന് അതിന്റേതായ ശക്തികളുണ്ട്. ഭയമെന്ന ഘടകവും അതിനൊപ്പം പ്രവര്‍ത്തിച്ചിരിക്കാം. പ്രധാനമന്ത്രിയെ രാജ്യം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്, എന്നാല്‍ രാഹുലിനെ അദ്ദേഹത്തിന്റെ പുതിയ രൂപത്തില്‍ നമ്മള്‍ ഇന്നലെ ആദ്യമായി കേട്ടു.”

126നെതിരെ 325 വോട്ടുകള്‍ക്കാണ് ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസപ്രമേയം ലോക്‌സഭയില്‍ പരാജയപ്പെട്ടത്. വോട്ടെടുപ്പില്‍ നിന്നും ശിവസേന വിട്ടുനിന്നിരുന്നു.

We use cookies to give you the best possible experience. Learn more