| Tuesday, 30th May 2023, 8:28 am

ദല്‍ഹി മുതല്‍ ഛത്തീസ്ഗഢ് വരെ രസകരമായ ആറ് മണിക്കൂര്‍; ട്രക്ക് ഡ്രൈവര്‍മാരോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്രക്ക് യാത്രക്കാരോടൊപ്പമുള്ള യാത്ര പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാത്ര അനുഭവങ്ങളും അവരോടൊപ്പമുള്ള സംഭാഷണങ്ങളുമാണ് വീഡിയോ രൂപത്തില്‍ അദ്ദേഹം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറ് മണിക്കൂര്‍ നീളുന്ന ദല്‍ഹി മുതല്‍ ചത്തീസ്ഗഢ് വരെയുള്ള യാത്ര രാഹുല്‍ ഗാന്ധി ആരംഭിച്ചത്. ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുകയായിരുന്നു ഉദ്ദേശം.

രാഹുല്‍ ഗാന്ധി ലോറിയുടെ മുന്നില്‍ ഇരുന്ന് സംസാരിക്കുകയും ധാബയില്‍ ഡ്രൈവര്‍മാരോടൊപ്പം സമയം ചെലവഴിക്കുന്നതും വീഡിയോയില്‍ കാണാം.

‘ദല്‍ഹി മുതല്‍ ഛത്തീസ്ഗഢ് വരെയുള്ള ആറ് മണിക്കൂര്‍ യാത്ര രസകരമായിരുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രമാണ് ട്വിറ്ററില്‍ കൊടുത്തിരുന്നത്. മുഴുവന്‍ വീഡിയോ യൂട്യൂബിലുണ്ടാകുമെന്നും അതില്‍ പറയുന്നു.

‘ഭാരത് ജോഡോ യാത്രക്ക് ശേഷവും ആളുകളുമായുള്ള ഇടപെടല്‍ രാഹുല്‍ ഗാന്ധി തുടരുകയാണ്. എന്‍.എച്ച് 44ലെ ധാബ മുര്‍ത്തലില്‍ നിന്ന് ഒരു കൂട്ടം ട്രക്ക് ഡ്രൈവര്‍മാരെ രാഹുല്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഒരു ട്രക്കില്‍ കയറി ഷിംല വഴി ചത്തീസ്ഗഢ് വരെ യാത്ര ചെയ്തു.

തുടര്‍ന്ന് ഫിറോസാബാദിലെ പ്രേം രാജ്പുത് എന്ന ഡ്രൈവറുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി രാജ്പുതിനോടും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രാകേഷിനോടും ഒപ്പം ആറ് മണിക്കൂര്‍ ചെലവഴിച്ചു,’ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

മൂന്ന് കോടി ഇന്ത്യക്കാര്‍ ട്രക്ക് വ്യവസായത്തില്‍ തൊഴിലെടുക്കുന്നുവെന്നും ഒമ്പത് ലക്ഷം ട്രക്ക് തൊഴിലാളികളുടെ ആവശ്യം ഓരോ വര്‍ഷവും ആവശ്യമായി വരുന്നുവെന്നും വീഡിയോയില്‍ പറയുന്നു.

ഇന്‍ഡിപെന്‍ഡന്‍ഡ് പഠനം പ്രകാരം 98 ശതമാനം ട്രക്ക് ഡ്രൈവര്‍മാരും തങ്ങളുടെ കുടുംബാംഗങ്ങള്‍ ഈ തൊഴില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നില്ല. ട്രക്ക് ഡ്രൈവര്‍മാരെ പൊലീസ് ചൂഷണം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവരുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തിലെത്തുന്ന ഇത്തരം യാത്രകള്‍ രാഹുല്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.

content highlight: rahul gandhi with truck drivers

We use cookies to give you the best possible experience. Learn more