| Sunday, 12th May 2019, 4:19 pm

കോണ്‍ഗ്രസ് പരീക്ഷിച്ച് 2012 ഓടെ പരാജയപ്പെട്ട സാമ്പത്തിക മാതൃകയാണ് മോദി പ്രയോഗിച്ചത് : രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പരീക്ഷിക്കുകയും 2012 ഓടെ പരാജയപ്പെടുകയും ചെയ്ത സാമ്പത്തിക നയമാണ് 2014ന് ശേഷം വീണ്ടും രാജ്യത്ത് മോദി കൊണ്ടു വന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഈ സാമ്പത്തിക മാതൃക പരാജയമാണെന്ന് താനും മന്‍മോഹന്‍ സിങ്ങുമടക്കമുള്ളവര്‍ സമ്മതിയ്ക്കുന്നുണ്ടെന്നും രാഹുല്‍ പറയുന്നു. എന്‍.ഡി.ടി.വിയിലെ രവീഷ് കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

താങ്കള്‍ ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് സംസാരിക്കുന്നു. അദാനിയെയും അംബാനിയെയും കുറിച്ച് സംസാരിക്കുന്നു. പക്ഷെ ഇക്കാര്യത്തില്‍ ഞങ്ങളെങ്ങനെ വിശ്വാസമര്‍പ്പിക്കും. ഒരു ശതമാനത്തിന് മാത്രം ഗുണം കിട്ടുന്ന സാമ്പത്തിക നയമാണ് ഈ രാജ്യത്തുള്ളത്. രാഹുല്‍ഗാന്ധിയ്ക്ക് ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കുമോ

1990ല്‍ ഞങ്ങള്‍ നടപ്പിലാക്കിയ മോഡലുണ്ട്. ഇത് കൊണ്ട് കുറേ നല്ല കാര്യങ്ങളുണ്ടായി. 2004ല്‍ ഈ മോഡലിനെ ചെറിയ മാറ്റം വരുത്തി വീണ്ടും ഉപയോഗിച്ചു. എന്നാല്‍ 2012ല്‍ ഇത് പരാജയപ്പെട്ടു. ഈ പരാജയം ഞങ്ങള്‍ അംഗീകരിക്കുകയാണ്. ഇക്കാര്യം മന്‍മോഹന്‍ സിങും ഞാനും സമ്മതിക്കും.

എന്നാല്‍ നരേന്ദ്രമോദിയ്ക്ക് ദുരന്തം സംഭവിച്ചത് എവിടെയാണെന്ന് ചോദിച്ചാല്‍ ഈ മാതൃക വീണ്ടും പൊക്കി കൊണ്ടു വന്നു എന്നിടത്താണ്.

 താങ്കള്‍ പറയുന്നത് പോലെ മോദി ഇത്രയധികം വെറുപ്പ് സൂക്ഷിക്കുന്നയാളാണോ ?

അതെ.

പൊതു ചടങ്ങുകളില്‍ ഞങ്ങള്‍ കാണാറുണ്ട്. വളരെ സ്‌നേഹത്തോട് കൂടിയാണ് പെരുമാറാറുള്ളത്. എന്നാലദ്ദേഹം അങ്ങനെ പ്രതികരിക്കാറില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടല്‍ പോലും അങ്ങനെയാണ്.

രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, ഇന്ദിരാഗാന്ധി- ഇവരെ കുറിച്ചൊന്നും പറയുമ്പോള്‍ താങ്കള്‍ക്ക് വിഷമം വരാറില്ലേ ?

ഇല്ല ഇവരുടെയെല്ലാം നന്മ എന്താണെന്ന് എനിക്കറിയാം. അവര്‍ എന്തുവേണമെങ്കിലും പറയട്ടെ. സത്യം എന്നായാലും പുറത്തു വരും. ആര്‍ക്കും മറച്ചുവെക്കാന്‍ കഴിയില്ല. ഞാന്‍ വളരെ സ്‌നേഹത്തോടെ പറയുകയാണ്. നരേന്ദ്രമോദിയുടെ സമയം കഴിഞ്ഞിരിക്കുകയാണ്.

സാം പിത്രോഡയുടെ പരാമര്‍ശത്തെ കുറിച്ച്

1984 സിഖ് കലാപത്തെ കുറിച്ച് സാം പിത്രോഡയുടെ പരാമര്‍ശം തെറ്റാണ്. ഞാന്‍ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിഖ് കലാപത്തില്‍ പങ്കുള്ള എല്ലാവരും ശിക്ഷിക്കപ്പെടേണ്ടതാണ്.

മാധ്യമങ്ങള്‍ താങ്കളെ കളിയാക്കി, പപ്പുവെന്ന് വിളിച്ചു, മീമുകളുണ്ടാക്കി കളിയാക്കി ദേഷ്യം വന്നിട്ടില്ലേ ?

ഞാന്‍ ആസ്വദിക്കുകയാണ് ചെയ്തത്. വ്യക്തിപരമായി ഒന്നും എടുത്തിട്ടില്ല. നിങ്ങള്‍ എന്റെ ഗുരുവാണ്. നിങ്ങളേക്കാള്‍ വലിയ ഗുരുവിനെ എനിക്ക് കിട്ടാനില്ല. ഞാന്‍ എല്ലാവരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. നരേന്ദ്രമോദിയില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുന്നതായി ഞാന്‍ പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസില്‍ നിന്നും പഠിക്കുന്നുണ്ട്. എന്നെക്കുറിച്ച് ആരെന്ത് പറഞ്ഞാലും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാധ്യമങ്ങളില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തിന് ന്യായമായ സ്ഥാനം കിട്ടിയിട്ടില്ല. റാഫേല്‍ പോലുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിട്ടില്ല. തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയാണ് ഞങ്ങള്‍ മാധ്യമങ്ങളെ ഉണര്‍ത്തിയത്. അല്ലാതെ സ്വാഭാവികമായി റാഫേല്‍ ഉയര്‍ത്തിക്കാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.

റാഫേല്‍ കരാര്‍ അനില്‍ അംബാനിയ്ക്ക് കൊടുക്കാന്‍ നരേന്ദ്രമോദിയാണ് എന്നോട് പറഞ്ഞതെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more