പാര്‍ലമെന്റിലെ കണ്ണിറുക്കല്‍ 'തെണ്ടിത്തരം'; രാഹുലിനെ അധിക്ഷേപിച്ച് ഗോവ ബി.ജെ.പി വക്താവ്
national news
പാര്‍ലമെന്റിലെ കണ്ണിറുക്കല്‍ 'തെണ്ടിത്തരം'; രാഹുലിനെ അധിക്ഷേപിച്ച് ഗോവ ബി.ജെ.പി വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2018, 11:35 am

ന്യൂദല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ കണ്ണിറുക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച് ഗോവ ബി.ജെ.പി വക്താവ് ദത്തപ്രസാദ് നായിക്. രാഹുല്‍ കാണിച്ചത് തെണ്ടിത്തരമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

“”അദ്ദേഹം പ്രധാനമന്ത്രിയെ പോയി കെട്ടിപ്പിടിച്ച് വന്ന് ഒരു തെണ്ടിയെ പോലെ കണ്ണിറുക്കി. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ നോക്കി ചില തെണ്ടികള്‍ കണ്ണിറുക്കുന്നതിനെ കുറിച്ച് പണ്ട് കാലത്ത് കേട്ടിട്ടുണ്ട്. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലിനുള്ളില്‍ വെച്ച് അത്രയും നാണംകെട്ട ഒരു പ്രവൃത്തി നടക്കരുതായിരുന്നു””- എന്നായിരുന്നു ദത്തപ്രസാദ് നായികിന്റെ വിമര്‍ശനം.

സ്വന്തം പാര്‍ട്ടിയുടെ അധ്യക്ഷനെ മാറ്റുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് കാര്യമായി ആലോചിക്കേണ്ട സമയമായെന്നും അദ്ദേഹം പറയുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി വിശ്വാസയോഗ്യനായ ഒരു അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഗോവ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതാക്കളെ സഹായിക്കണം.

അയോധ്യയില്‍ ശ്രീരാമ പ്രതിമ നിര്‍മാണം ഉടനെന്ന് യു.പി മന്ത്രി

എങ്ങനെയെങ്കിലും വാര്‍ത്തകളില്‍ ഇടംനേടണമെന്ന ചിന്തയില്‍ തരംതാഴ്ന്ന കളികള്‍ കളിക്കുന്ന നേതാവായി രാഹുല്‍ അധപതിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ പാര്‍ലമെന്റിനകത്ത് മോദിയെ കെട്ടിപ്പിടിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഗാന്ധി കുടുംബത്തിന്റെ കൈയിലെ കളിപ്പാവയായി കോണ്‍ഗ്രസ് മാറിയെന്നും ബി.ജെ.പി വക്താവ് കുറ്റപ്പെടുത്തി.

മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച പ്രസംഗത്തിനുശേഷമായിരുന്നു പ്രധാനമന്ത്രിയെ ആശ്ലേഷിച്ച് രാഹുല്‍ ഗാന്ധി അമ്പരപ്പിച്ചത്.

രാഹുല്‍ഗാന്ധിയുടെ അപ്രതീക്ഷിത നീക്കത്തില്‍ പ്രധാനമന്ത്രി ആദ്യം അമ്പരന്നെങ്കിലും പിന്നീട് രാഹുലിനെ തിരികെ വിളിച്ച് അഭിനന്ദിച്ചു. തിരികെ സീറ്റിലെത്തിയ രാഹുല്‍ സഹപ്രവര്‍ത്തകരോട് കണ്ണിറുക്കുകയായിരുന്നു. കയ്യടികളോടെയായിരുന്നു രാഹുലിന്റെ ഈ നടപടിയെ സഭ സ്വീകരിച്ചത്.

നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്‌നമില്ല. കോണ്‍ഗ്രസുകാര്‍ എന്ന് പറയുന്നത് എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണ് എന്ന് ഞാന്‍ പഠിച്ചത് ബി.ജെ.പിക്കാരില്‍ നിന്നാണെന്നും അതിന് എന്നും കടപ്പാടുണ്ടെന്നും അദ്ദേഹം കയ്യടികള്‍ക്കിടെ പറഞ്ഞിരുന്നു.