| Sunday, 11th August 2019, 8:20 am

രാഹുല്‍ ഇന്ന് വയനാട്ടിലെത്തും; നിലമ്പൂരും കവളപ്പാറയും സന്ദര്‍ശിക്കും; വരവ് സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന കളക്ടറുടെ അഭ്യര്‍ഥന മറികടന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കോഴിക്കോട്ടെത്തുന്ന രാഹുല്‍, ഇന്നും നാളെയും വയനാട് സന്ദര്‍ശിക്കും.

സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും രാഹുലിന്റെ സന്ദര്‍ശനത്തില്‍ ഇതുവരെ മാറ്റമില്ല.

ഉരുള്‍പൊട്ടല്‍ നാശം വിതച്ച നിലമ്പൂരും കവളപ്പാറയും രാഹുല്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ദുരിത ബാധിത പ്രദേശങ്ങള്‍ക്കു പുറമെ ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും.

രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും.

നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

ഇതിനിടെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് നടത്താനിരുന്ന വയനാട് സന്ദര്‍ശനം റദ്ദാക്കി. പ്രളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയാകും ഇവിടങ്ങളില്‍ ഇന്നുണ്ടാവുക എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെയാണിത്.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിതുടങ്ങിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more