| Thursday, 29th June 2023, 8:30 am

അമിത് ഷാ വാക്ക് പാലിച്ചില്ലെന്ന് മെയ്തി, കുക്കി വിഭാഗങ്ങള്‍; രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ കലാപം നിയന്ത്രിക്കുമെന്ന് ഉറപ്പുനല്‍കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് മെയ്തി, കുക്കി വിഭാഗങ്ങള്‍. മെയ് 29ന് മണിപ്പൂരിലെത്തിയ അമിത് ഷാ വന്നുപോയി ഒരു മാസം പിന്നിട്ടിട്ടും ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ വാദ്ഗാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ഇരു വിഭാഗങ്ങളും ആരോപിച്ചു. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനെ മാറ്റാതെ സമാധാന ചര്‍ച്ചകള്‍ക്കില്ലെന്നും ഇരു വിഭാഗങ്ങളും വ്യക്തമാക്കി.

മണിപ്പൂരില്‍ കലാപം നിയന്ത്രിക്കുന്നതില്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലെത്തും. രാവിലെ 11 മണിയോടെ ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകളാണ് ആദ്യം സന്ദര്‍ശിക്കുക.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ജനപ്രതിനിധികളുമായി ഇന്ന് സംവദിക്കും. ഇന്ന് മണിപ്പൂരില്‍ തങ്ങിയ ശേഷം നാളെയാണ് രാഹുല്‍ മടങ്ങുക. സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കുമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. കലാപ ബാധിത പ്രദേശങ്ങളിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ ശ്രദ്ധ മാറ്റാനാണ് മോദി ഏക സിവില്‍ കോഡ് വിവാദമുയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മണിപ്പൂരില്‍ സമാധാനം മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധിയുടെ യാത്രാ വിവരങ്ങള്‍ പുറത്തുവിട്ട എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. വിദ്വേഷത്തെ തോല്‍പ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും വേണുഗോപാല്‍ അറിയിച്ചു.

Content Highlights: rahul gandhi will visit manipur today, kuki-meiti groups criticize amit shah

We use cookies to give you the best possible experience. Learn more