പുല്‍പ്പള്ളി: വന്യജീവി ആക്രമണത്തില്‍ ഒരാഴ്ചക്കിടെ രണ്ട് ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എം.പി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പുല്‍പ്പള്ളിയില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്ന് താത്കാലികമായി ഇടവേള എടുത്തുകൊണ്ടാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത്.
നിലവിലെ പുല്‍പ്പള്ളിയിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജില്ലയിലെ ആളുകളുടെ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് മറ്റ് സാഹചര്യങ്ങള്‍ വിലയിരുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കെ കാര്യങ്ങള്‍ കൈവിട്ട് പോകാതെ നോക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും ഉടനെ വയനാട്ടില്‍ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ എം.ബി. രാജേഷ് അടക്കമുള്ള ഉന്നത മന്ത്രിമാരുടെ സംഘം വയനാട്ടിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം വന്യജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ശനിയാഴ്ച തന്നെ സംസ്‌കരിക്കും. പുല്‍പ്പള്ളി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതില്‍ അഞ്ച് ലക്ഷം രൂപ ശനിയാഴ്ച തന്നെ പോളിന്റെ കുടുംബത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. പോളിന്റെ പങ്കാളിക്ക് താത്കാലിക ജോലി നല്‍കും. ജോലി സ്ഥിരമാക്കാനുള്ള ശുപാര്‍ശയും നല്‍കും. മകളുടെ പഠനം ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlight: Rahul Gandhi will reach Pulpally on Saturday, skipping the Jodo Yatra