കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. എ.ഐ.സി.സി നേതൃത്വമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിലെ ജനകീയനായ നേതാവിന് ഏറ്റവും മികച്ചരീതിയില്‍ തന്നെ യാത്രയയപ്പ് നല്‍കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയില്‍ എത്തുന്നത്. പുതുപ്പള്ളിയില്‍ വെച്ച് നടക്കുന്ന സംസ്‌കാര ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും അറിയിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിട്ടു. റോഡിന് ഇരുവശത്തുമായി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹമാണ്. നേതാക്കളും നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകരുമായി നിരവധി പേരാണ് റോഡില്‍ തടിച്ചുകൂടിയിരിക്കുന്നത്.
രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹവുമായി വാഹനം പുതുപ്പളളിയിലേക്ക് തിരിച്ചത്. രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവരും വാഹനത്തെ അനുഗമിക്കുന്നുണ്ട്. വൈകിട്ട് കോട്ടയം തിരുനക്കരത്തിലാണ് പൊതുദര്‍ശനം നടക്കുക. പൊതുദര്‍ശനത്തിന് വന്‍ നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുദര്‍ശനത്തിന് ക്യൂ ഏര്‍പ്പെടുത്തുമെന്നും തിരുനക്കര മൈതാനിയില്‍ ആളുകളെ തങ്ങാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നാളെയാണ് സംസ്‌കാരം.