| Wednesday, 22nd May 2019, 10:22 pm

അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി; എക്‌സിറ്റ് പോള്‍ കൃത്രിമമായി ഉണ്ടാക്കിയതെന്നും സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു കഴിയുമ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ സ്ഥാനഭൃഷ്ടരാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തവണത്തെ ഇഫ്താര്‍ കഴിഞ്ഞതവണത്തേതില്‍ നിന്നു വ്യത്യസ്തമാണ്. കാരണം, എന്താണോ നമ്മള്‍ പറഞ്ഞത്, അതു നാളെ സാധ്യമാകാന്‍ പോവുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലംപതിക്കാന്‍ പോവുകയാണ്.’- ചെന്നൈയില്‍ നടന്ന ഒരു ഇഫ്താര്‍ വിരുന്നിനിടെ സ്റ്റാലിന്‍ പറഞ്ഞു.

‘എക്‌സിറ്റ് പോള്‍ യഥാര്‍ഥമല്ല. ഒരാളുടെ ഉത്തരവിന്മേല്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്. നമുക്കനുകൂലമായ കണക്കുകളുണ്ടായാല്‍ രാഹുല്‍ അടുത്ത പ്രധാനമന്ത്രിയാകും. നമ്മള്‍ നമ്മുടെ മനസ്സ് മാറ്റേണ്ടതില്ല. ഇതൊരു തുടക്കമാണെന്നു ഞാന്‍ പറഞ്ഞല്ലോ. നാളെയും അങ്ങനെ തന്നെയെയായിരിക്കും. ദല്‍ഹിയിലേക്കു പോകാനുള്ള ഒരു സാധ്യത ഏതുസമയവുമുണ്ട്.’- അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ അധികാരത്തുടര്‍ച്ചയുണ്ടാക്കുമെന്ന തരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

നേരത്തേ രാഹുലിനെ ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിച്ച വ്യക്തി കൂടിയാണ് സ്റ്റാലിന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കോണ്‍ഗ്രസുമായി അദ്ദേഹം സഖ്യമുണ്ടാക്കിയിരുന്നു.

സ്റ്റാലിന്റെ പാര്‍ട്ടി 20 സീറ്റുകളിലാണ് സംസ്ഥാനത്ത് ഇത്തവണ മത്സരിച്ചത്. കോണ്‍ഗ്രസ് 10 സീറ്റുകളിലും മത്സരിച്ചു. അതില്‍ പുതുച്ചേരിയിലുള്ള ഒരു സീറ്റും ഉള്‍പ്പെടും. സംസ്ഥാനത്താകെ 40 സീറ്റുകളാണുള്ളത്.

2014-ല്‍ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ 37 സീറ്റുകള്‍ നേടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more