കോഴിക്കോട്: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് താല്‍പ്പര്യപ്പെടുന്നതായി മനോരമ ന്യൂസ് സര്‍വേ.
രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് 38% ആളുകള്‍ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി തുടരുമെന്ന് പറഞ്ഞത് 11% ആളുകള്‍. പ്രിയങ്ക ഗാന്ധി, പിണറായി വിജയന്‍ എന്നിവരും പ്രധാനമന്ത്രി പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
അതേസമയം, അടുത്തത് യു.പി.എ സര്‍ക്കാരെന്ന് 54% ആളുകള്‍ അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണി വരുമെന്ന് 18% ആളുകളും എന്‍.ഡി.എ തുടരുമെന്ന് 13% ആളുകളും അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം ശരാശരിയിലും താഴെയെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. മോദി നല്ല പ്രകടനം കാഴ്ചവച്ചെന്ന് അഭിപ്രായപ്പെട്ടത് 26 ശതമാനം ആളുകള്‍ മാത്രമാണ്. മോദി ഭരണത്തിന്റെ നേട്ടം ഡിജിറ്റല്‍ ഇന്ത്യയും സ്വച്ഛ് ഭാരതുമാണ്. എന്നാല്‍ നോട്ടുനിരോധനവും അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മോദിയുടെ കോട്ടങ്ങളാണെന്ന് ആളുകള്‍ വിലയിരുത്തുന്നു.
മുന്നാക്ക സംവരണം ബി.ജെ.പിക്ക് നേട്ടമാകില്ലെന്നു 52% ആളുകള്‍ അഭിപ്രായപ്പെട്ടു. നോട്ടുനിരോധനം പരാജയപ്പെട്ടെന്ന് 73% ആളുകളും ജി.എസ്.ടി നടപ്പാക്കിയത് പരാജയപ്പെട്ടെന്ന് 67% ആളുകളും അഭിപ്രായപ്പെട്ടു.
അതേസമയം, എം.പിമാരുടെ പ്രകടനം ശരാശരി മാത്രമെന്ന് സര്‍വേ ഫലം വെളിപ്പെടുത്തുന്നു. 12 എം.പിമാരുടെ പ്രകടനം ശരാശരിക്കു മുകളിലാണ്. ജോസ് കെ.മാണിയും എ.സമ്പത്തുമാണ് പ്രകടനങ്ങളില്‍ മുന്നില്‍. മുല്ലപ്പള്ളി രാമചന്ദ്രനും എന്‍.കെ പ്രേമചന്ദ്രനും ശരാശരിയില്‍ താഴെ മാര്‍ക്ക് നേടുന്നു.
തെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം സ്വാധീനിക്കുമെന്ന് പറഞ്ഞത് 4% മാത്രമാണ്. വിലക്കയറ്റം സ്വാധീനിക്കുമെന്ന് 20% പേര്‍ അഭിപ്രായപ്പെട്ടു, ക്രമസമാധാനം 18%, മതേതരത്വവും മതസൗഹാര്‍ദവു 8% സ്വാധീനിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.