മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
Kerala News
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th February 2021, 9:18 am

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തി വയനാട് എം.പി രാഹുല്‍ ഗാന്ധി. കൊല്ലം വാടി കടപ്പുറത്ത് നിന്നാണ് രാഹുല്‍ പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് പോയത്.

ബുധനാഴ്ച മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി സംവാദ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്ര നടത്തിയത്.

പുലര്‍ച്ചെ അഞ്ച് മണിക്കാണ് വാടി കടപ്പുറത്ത് നിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി.

കെ.സി വേണുഗോപാല്‍ എം.പിയടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കടല്‍യാത്രയില്‍ പങ്കെടുത്തു.

രാവിലെ ഒരു മണിക്കൂറാണ് ബുധനാഴ്ച രാഹുല്‍ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചത്. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളാണ് പരിപാടിയില്‍ പങ്കെടുക്കുക.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ സമാപന പരിപാടിയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷമാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്.

തിരുവനന്തപുരത്ത് പരിപാടിയില്‍ രാഹുല്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.

ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആള്‍ക്കെതിരെയുള്ള കേസ് എന്തുകൊണ്ട് ഇഴഞ്ഞു നീങ്ങുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Rahul Gandhi went with fishermen to sea to analyze the problems