| Saturday, 6th July 2019, 9:05 am

ടീഷര്‍ട്ട് ധരിച്ച്, പോപ്‌കോണ്‍ കൊറിച്ച് ആര്‍ട്ടിക്കിള്‍ 15 കാണുന്ന രാഹുല്‍ ഗാന്ധി; വീഡിയോ ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയരാഷ്ട്രീയത്തില്‍ ഇന്നു ചര്‍ച്ച കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയാണെങ്കില്‍, സിനിമാലോകത്ത് കഴിഞ്ഞദിവസം ഇറങ്ങിയ ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15 ആണ് ചര്‍ച്ച. ഇതുരണ്ടും കൂടി ഒന്നിച്ചുവന്നാലോ, അതിനല്‍പ്പം ചൂട് കൂടും.

ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരത്തില്‍ ചര്‍ച്ചയാകുകയാണ് രാഹുല്‍ ആര്‍ട്ടിക്കിള്‍ 15 കാണുന്ന വീഡിയോ. വി.ഐ.പി പരിവേഷങ്ങളൊന്നുമില്ലാതെ ദല്‍ഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാനെത്തിയ രാഹുലിനെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ചര്‍ച്ചയായത്.

ടീഷര്‍ട്ട് ധരിച്ച്, പോപ്‌കോണും കൊറിച്ച്, കൂടെയിരിക്കുന്ന ആള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്ന രാഹുലന് ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ലക്ഷണങ്ങളൊന്നുമില്ലാതെ തികച്ചും സാധാരണ മനുഷ്യനായിരുന്ന് സിനിമ കാണുന്നതാണ് ഇതിനുകാരണം.

ജാതിവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ആര്‍ട്ടിക്കിള്‍ 15 സംവിധാനം ചെയ്തിരിക്കുന്നത് അനുഭവ് സിന്‍ഹയാണ്. ആയുഷ്മാന്‍ ഖുറാനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് സിനിമ ഓടുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍, നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാള്‍ ആ സ്ഥാനത്തേക്കു വരണമെന്ന് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും പാര്‍ലമെന്റംഗമെന്നും അദ്ദേഹം തന്റെ ട്വിറ്ററിലെ ബയോയില്‍ തിരുത്തുകയും ചെയ്തിരുന്നു. അധ്യക്ഷസ്ഥാനത്തു തുടരണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നിരാകരിച്ചായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുലിന്റെ രാജി.

Latest Stories

We use cookies to give you the best possible experience. Learn more