| Tuesday, 28th November 2023, 4:29 pm

മോദിക്കെതിരെ ശബ്ദിച്ചതിന് എനിക്കെതിരെ 24 കേസുകള്‍; ധൈര്യമുണ്ടെങ്കില്‍ കെ.സി.ആറിനും ഒവൈസിക്കുമെതിരെയും കേസെടുക്കണം: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഭാരത് ജനത പാര്‍ട്ടിയും ആര്‍.എസ്.എസും ഇന്ത്യയില്‍ വിദ്വേഷം വളര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് നിലനില്‍ക്കുന്ന വിദ്വേഷം ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ മോദിയെ തോല്‍പ്പിക്കണമെങ്കില്‍ തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ പരാജയപെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരും മുഖ്യമന്ത്രിയുമായിട്ടും കെ.സി.ആറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഒരു അന്വേഷണത്തിന് പോലും ഉത്തരവിടാത്തതെന്നും അദ്ദേഹം ചോദിച്ചു.

എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരെ എത്ര കേസുകളുണ്ടെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയും എന്‍.ഡി.എ സര്‍ക്കാരും ഭയപ്പെടുന്നത് എന്തിനാണാണെന്നും രാഹുല്‍ ചോദ്യമുന്നയിച്ചു.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണ്ടിയാണ് എ.ഐ.എം.ഐ.എം പല സംസ്ഥാനങ്ങളിലും മത്സരിക്കുന്നതെന്നും അതിലൂടെ ഒവൈസി ബി.ജെ.പിക്ക് പൂര്‍ണ പിന്തുണനല്‍കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്രയില്‍ ‘വിദ്വേഷത്തിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുക’ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം മോദിക്കെതിരെ ശബ്ദമുയര്‍ത്തിയതില്‍ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി ചുമത്തപ്പെട്ടത് 24 കേസുകളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. തന്നെ കോടതി പല തവണകളായി നിയമനടപടികള്‍ക്കായി വിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനനഷ്ടത്തിന് തനിക്ക് രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചെന്നും തന്റെ ലോക്സഭാ അംഗത്വം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയെന്നും രാഹുല്‍ പറഞ്ഞു. തന്റെ സര്‍ക്കാര്‍ വസതി എടുത്തുകളഞ്ഞപ്പോള്‍ തനിക്കതിന്റെ ആവശ്യമില്ലെന്നും ഇന്ത്യന്‍ ജനതയുടെ മനസാണ് തന്റെ വീടെന്നും രാഹുല്‍ സര്‍ക്കാരിനോട് പറഞ്ഞിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു.

2018ല്‍ കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉത്തര്‍പ്രദേശിലെ എം.എല്‍.എ, എം.പി കോടതി തനിക്ക് സമന്‍സ് അയച്ചിരുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ നിരന്തരം നിയമനടപടികള്‍ എടുക്കുന്ന കേന്ദ്ര സര്‍ക്കാരിനും മോദിക്കും കെ. ചന്ദ്രശേഖര റാവുവിനെതിരെയും ഒവൈസിക്കെതിരെയും കേസെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന് പിന്നില്‍ ഭയം മാത്രമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Content Highlight: Rahul Gandhi wants central government to file a case against K.C.R and Owaisi if they dare

We use cookies to give you the best possible experience. Learn more